
വാഷിംഗ്ടൺ: അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ട വാർത്തയിൽ ‘വാൾസ്ട്രീറ്റ് ജേണൽ’ പത്രത്തിനെതിരെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. മയാമിയിലെ ഫെഡറൽ കോടതിയാണ് ട്രംപിൻ്റെ ഹർജി തള്ളിയത്. പത്രം മനപ്പൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് തെളിയിക്കുന്നതിൽ ട്രംപിൻ്റെ നിയമസംഘം പരാജയപ്പെട്ടുവെന്ന് ജഡ്ജി ഡാരിൻ ഗെയ്‌ലെസ് നിരീക്ഷിച്ചു.
2003-ൽ എപ്‌സ്റ്റീൻ്റെ അമ്പതാം ജന്മദിനത്തോടനുബന്ധിച്ച് സുഹൃത്തുക്കൾ തയ്യാറാക്കിയ ഒരു പുസ്തകത്തിൽ ട്രംപിൻ്റെ ഒപ്പോടുകൂടിയ അശ്ലീല സന്ദേശമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ജൂലൈയിൽ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും തന്നെ മനപ്പൂർവ്വം അപമാനിക്കാൻ പ്രസിദ്ധീകരിച്ചതാണെന്നും ആരോപിച്ച് 20 ബില്യൺ ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപ് കോടതിയെ സമീപിച്ചത്. പത്രത്തിനും ഉടമ റൂപർട്ട് മർഡോക്കിനുമെതിരെയായിരുന്നു കേസ്.
പൊതുരംഗത്തുള്ള വ്യക്തികൾക്കെതിരെ മാനനഷ്ടക്കേസ് നിലനിൽക്കണമെങ്കിൽ, വാർത്ത തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് മനപ്പൂർവ്വം പ്രസിദ്ധീകരിച്ചതാണെന്ന് പരാതിക്കാരൻ തെളിയിക്കേണ്ടതുണ്ട്. എന്നാൽ ട്രംപിൻ്റെ പരാതിയിൽ ഇതിനുള്ള കൃത്യമായ തെളിവുകളില്ലെന്ന് 17 പേജുള്ള വിധിന്യായത്തിൽ ജഡ്ജി വ്യക്തമാക്കി. പരാതിയിലെ ആരോപണങ്ങൾ അപൂർണ്ണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് ഇപ്പോൾ തള്ളിയെങ്കിലും, പരാതിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഏപ്രിൽ 27-നകം വീണ്ടും ഹർജി സമർപ്പിക്കാൻ കോടതി ട്രംപിന് അനുവാദം നൽകിയിട്ടുണ്ട്. കോടതിയുടെ നിർദ്ദേശപ്രകാരം കൂടുതൽ കരുത്തോടെ കേസ് വീണ്ടും ഫയൽ ചെയ്യുമെന്ന് ട്രംപിൻ്റെ വക്താവ് അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എപ്‌സ്റ്റീൻ്റെ ശേഖരത്തിൽ നിന്ന് ലഭിച്ച പുസ്തകത്തിലെ ഒപ്പും ചിത്രവും ട്രംപിൻ്റേതല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Epstein’s birthday letter controversy: Court dismisses Trump’s defamation lawsuit against Wall Street Journal














