ബോംബ് ഭീഷണിയെത്തുടർന്ന് വ്യാഴാഴ്ച യൂറോപ്പിലുടനീളം നിരവധി യാത്രാവിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഈ ആഴ്ച രണ്ടാമത്തെ തവണയാണ് സമാനമായ സംഭവം. വിസ് എയർ, എയർ ലിംഗസ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളെയാണ് ഭീഷണി ബാധിച്ചത്. ഡബ്ലിനിൽനിന്ന് റോമിലേക്ക് പോയ എയർ ലിംഗസിന്റെ എയർബസ് എ320 വിമാനം ഭീഷണിയെത്തുടർന്ന് ഫ്രാൻസിലെ എവ്രൂ സൈനിക വ്യോമതാവളത്തിലേക്ക് തിരിച്ചുവിട്ടു. 151 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്ന വിമാനം സുരക്ഷിതമായി നിലത്തിറങ്ങി.
സൈനിക ബോംബ് നിർവീര്യമാക്കൽ സംഘം വിമാനത്തിൽ പരിശോധന നടത്തിയതായി ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാരിസിനടുത്തെത്തിയ വിമാനം പെട്ടെന്ന് ഗതിമാറി പലതവണ വട്ടമിട്ട ശേഷമാണ് എവ്രൂവിലേക്ക് തിരിഞ്ഞതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മിലാനിൽനിന്ന് വാഴ്സോയിലേക്ക് പോയ വിസ് എയർ വിമാനം യാത്രയ്ക്കിടെ ഭീഷണി ലഭിച്ചതിനെ തുടർന്ന് വിയന്നയിലേക്ക് തിരിച്ചുവിട്ടു. വാഴ്സോയിൽനിന്ന് പാരിസിലേക്ക് പോയ ലോട്ട് പോളിഷ് എയർലൈൻസ് വിമാനവും സുരക്ഷാ പരിശോധനയ്ക്കായി മാറ്റി. പരിശോധനയിൽ അപകടകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചയും യൂറോപ്പിലെ പത്തോളം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ലോട്ട്, സ്കാൻഡിനേവിയൻ എയർലൈൻസ്, വിസ് എയർ, റയാനെയർ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളെയാണ് അന്ന് ഭീഷണി ബാധിച്ചത്. ഇതേത്തുടർന്ന് ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വാഴ്സോ വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. ഒരു വിമാനത്തിന് ലാൻഡ് ചെയ്യുന്നതുവരെ ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയും ലഭിച്ചിരുന്നു.
വിമാനങ്ങൾ സുരക്ഷിതമായി വിവിധ നഗരങ്ങളിൽ ഇറങ്ങിയെങ്കിലും വിശദമായ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. റയാനെയറിന്റെ നാല് വിമാനങ്ങൾക്കാണ് ചൊവ്വാഴ്ച വ്യാജ ഭീഷണി ലഭിച്ചത്. അതേസമയം, ഹീത്രൂ വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനോ അവിടെ ഇറങ്ങാനോ നിശ്ചയിച്ചിരുന്ന നാല് വിമാനങ്ങൾക്കെതിരായ ഭീഷണികളെക്കുറിച്ച് വിവരം ലഭിച്ചതായി ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു.
Flights diverted across Europe over bomb alerts, 2nd such incident this week














