സമാധാന ചർച്ചകൾക്ക് യുഎസ് നീക്കം; യുക്രെയ്നിൽ റഷ്യൻ ആക്രമണം ശക്തം

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ പുതിയ സമാധാന ചർച്ചകൾക്ക് സാധ്യത തെളിയുന്നതിനിടെ രാജ്യത്ത് റഷ്യൻ ആക്രമണം ശക്തമായി. വ്യാഴാഴ്ച ഖാർകിവ്, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിലെ വിവിധ കേന്ദ്രങ്ങളും കരിങ്കടലിലെ ചരക്കുകപ്പലും ലക്ഷ്യമിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും മന്ത്രാലയം അവകാശപ്പെട്ടു.

ഡിനിപ്രോ മേഖലയിലെ സ്വകാര്യ വീടിനും ഗാരേജുകൾക്കും നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പ്രാദേശിക ഗവർണർ ഒലെക്സാണ്ടർ ഹാൻഷ അറിയിച്ചു. എന്നാൽ, ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതിനിടെ, യുഎസ് സമാധാന ദൂതന്മാരായ ജാരഡ് കുഷ്നറുമായും സ്റ്റീവ് വിറ്റ്കോഫുമായും ഒന്നര മണിക്കൂർ നീണ്ട ചർച്ച നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.

യുക്രെയ്ൻ, യുഎസ്, റഷ്യ പ്രതിനിധികൾ തമ്മിലുള്ള ത്രികക്ഷി ചർച്ച ഒരാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നാണ് പ്രതീക്ഷ. നവംബർ 10, 11 തീയതികളിൽ അബുദാബിയിൽ ചർച്ച നടത്താനാണ് നീക്കം. റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികളെ വൈറ്റ് ഹൗസിൽ ഒരുമിച്ച് കാണുമെന്ന് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഓഫീസ് അറിയിച്ചു. റഷ്യൻ പ്രതിനിധികളായ കിറിൽ ദിമിത്രിയേവും യാന ലാന്ത്രതോവയും വ്യാഴാഴ്ച മെലാനിയയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

യുക്രെയ്ൻ മനുഷ്യാവകാശ കമ്മിഷണർ ദിമിത്രോ ലുബിനെറ്റ്സും വാഷിങ്ടണിൽ മെലാനിയയെ കാണും.യുക്രെയ്നിലെ ഒലെഷ്കി മേഖലയിൽ കഴിഞ്ഞ മാസം മെലാനിയയുടെ ഇടപെടലിൽ റഷ്യൻ, യുക്രെയ്ൻ സൈന്യങ്ങൾ പ്രാദേശിക വെടിനിർത്തലിന് സമ്മതിച്ചിരുന്നു. ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതത്തിലായ പ്രദേശവാസികളെ ഒഴിപ്പിക്കാനായിരുന്നു നീക്കം. ഇതിലൂടെ റോഡുകളിലെ കുഴിബോംബുകൾ നീക്കം ചെയ്യാനും ജനങ്ങൾക്ക് റഷ്യയിലേക്കോ യുക്രെയ്നിലേക്കോ പോകാനും സാധിച്ചു.

യുക്രെയ്നിന് മാനുഷിക സഹായം നൽകുന്നതിലും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും നടത്തിയ ഇടപെടലുകൾ പരിഗണിച്ച് മെലാനിയ ട്രംപിന് ‘ഓർഡർ ഓഫ് പ്രിൻസസ് ഓൾഗ’ ഒന്നാം ക്ലാസ് ബഹുമതി നൽകി യുക്രെയ്ൻ ആദരിച്ചിരുന്നു.

Russia intensifies Ukraine strikes amid US efforts to broker peace talks

More Stories from this section

family-dental
witywide