
ന്യൂഡൽഹി: മൊബൈൽ ഫോണുകളിലേക്ക് വരുന്ന അപരിചിത കോളുകൾക്ക് ഇനി മുതൽ പൂർണ്ണ പരിഹാരമാകുന്നു. ഫോൺ വിളിക്കുന്ന ആളുടെ പേര് സ്ക്രീനിൽ തെളിഞ്ഞു കാണിക്കുന്ന ‘കോളിംഗ് നെയിം പ്രസന്റേഷൻ’ (CNAP) സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം (DoT) ഉത്തരവിട്ടു. നവംബർ 1 മുതൽ രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കളും ഈ സംവിധാനം നിർബന്ധമായും ഏർപ്പെടുത്തണം.
4G, 5G നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ സേവനം യാതൊരു അപേക്ഷയും കൂടാതെ തന്നെ ലഭ്യമാകും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിലവിലുള്ള ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഔദ്യോഗികമായി വിളിക്കുന്നയാളുടെ പേര് അറിയാൻ സാധിക്കും.
ഒരു കോൾ വരുമ്പോൾ സ്ക്രീനിലെ ആദ്യ വരിയിൽ വിളിക്കുന്നയാളുടെ നമ്പറും, രണ്ടാമത്തെ വരിയിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിട്ടുള്ള പേരും കാണിക്കും. നമ്പർ സേവ് ചെയ്തിട്ടില്ലാത്ത ഫോണുകളിലേക്ക് വരുന്ന ആഭ്യന്തര കോളുകളിൽ, വിളിക്കുന്നയാൾ ഏത് കമ്പനിയുടെ സിം കാർഡാണോ ഉപയോഗിക്കുന്നത് ആ കമ്പനിയുടെ ഔദ്യോഗിക റെക്കോർഡിലുള്ള ഉപഭോക്താവിന്റെ യഥാർത്ഥ പേര് സ്ക്രീനിൽ തെളിയും. എന്നാൽ അന്താരാഷ്ട്ര കോളുകൾ വരുമ്പോൾ സ്ക്രീനിൽ “International Call” എന്ന് മാത്രമായിരിക്കും കാണിക്കുക.
സുരക്ഷ മുൻനിർത്തി കണിശമായ മാനദണ്ഡങ്ങളാണ് ടെലികോം വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്. കോൾ അവസാനിക്കുന്നതോടെ വിളിച്ചയാളുടെ പേര് ഫോൺ മെമ്മറിയിൽ സൂക്ഷിച്ചുവെക്കാൻ ഈ സംവിധാനം അനുവദിക്കില്ല. സ്വന്തം നമ്പർ മറ്റുള്ളവർ കാണരുത് എന്ന് ഔദ്യോഗികമായി ലോക്ക് ചെയ്തിട്ടുള്ളവരുടെ (CLIR ഫെസിലിറ്റി ഉപയോഗിക്കുന്നവർ) വിവരങ്ങൾ സ്ക്രീനിൽ കാണിക്കില്ല. 2G, 3G നെറ്റ്വർക്കുകളിൽ ഇത് നടപ്പിലാക്കുന്നത് സർക്കാർ പിന്നീട് പരിഗണിക്കും.
ബിസിനസ്സ് ആവശ്യങ്ങൾക്കായി ബൾക്ക് കണക്ഷനുകൾ എടുത്തിട്ടുള്ളവർക്ക് അവരുടെ സ്ഥാപനത്തിന്റെ ഔദ്യോഗിക പേര് കാണിക്കാനുള്ള അവസരമുണ്ട്. എന്നാൽ ഇത് ട്രേഡ് മാർക്ക് രജിസ്ട്രിയിലോ ജിഎസ്ടി പോർട്ടലിലോ രജിസ്റ്റർ ചെയ്ത പേര് മാത്രമായിരിക്കണം. ടെലികോം കമ്പനികൾ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഇതിന് അനുമതി നൽകൂ. നിലവിലുള്ള ബിസിനസ്സ് ഉപഭോക്താക്കൾ ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 4G, 5G നെറ്റ്വർക്കുകളിൽ ഇതിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
Fake calls to be curbed; from November 1, the caller’s real name will appear on the screen with every incoming call.














