ടെൽ അവീവ്: ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയിൽ ഫ്ലൈദുബായ് വിമാനത്തിൽ ആകാശത്തുവെച്ച് ആക്രമണശ്രമം ഉണ്ടായ സംഭവത്തിൽ, സഹപൈലറ്റിന് കോക്ക്പിറ്റിൽ എങ്ങനെ ആയുധം ലഭിച്ചെന്ന ചോദ്യത്തിന് വ്യക്തത വരുന്നു. വിമാനത്തിലെ കട്ട്ലറിയിൽ നിന്നുള്ള കത്തിയുപയോഗിച്ചാണ് ഒമാൻ പൗരനായ സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിയതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പുറത്തുനിന്നുള്ള ആയുധങ്ങളൊന്നും കോക്ക്പിറ്റിലേക്ക് കടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അടിയന്തര ആവശ്യങ്ങൾക്കായി കോക്ക്പിറ്റിൽ സൂക്ഷിക്കാറുള്ള ‘ക്രാഷ് ആക്സ്’ ഉപയോഗിച്ചാണ് ഇയാൾ ക്യാപ്റ്റനെ ആക്രമിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ അനുസരിച്ച് എല്ലാ വാണിജ്യ വിമാനങ്ങളുടെയും നിർമാണവേളയിൽ തന്നെ ഇത്തരം ക്രാഷ് ആക്സുകൾ നിർബന്ധമായും ഘടിപ്പിക്കാറുണ്ട്. വിമാനാപകടങ്ങൾക്കുശേഷമുള്ള അടിയന്തര സാഹചര്യങ്ങൾക്കായാണ് പതിറ്റാണ്ടുകളായി ഇവ വിമാനങ്ങളിൽ സൂക്ഷിച്ചുപോരുന്നത്. മുൻപ് വിമാനങ്ങളുടെ പ്രധാന ക്യാബിനുകളിലായിരുന്നു ഇവ വച്ചിരുന്നതെങ്കിലും, 25 വർഷം മുമ്പ് നടന്ന സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷമാണ് പൈലറ്റുമാർക്ക് എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ ഇവ കോക്ക്പിറ്റിലേക്ക് മാറ്റിയത്.
ആക്രമണം നടത്തിയ ഒമാനി കോ-പൈലറ്റിന്റെ പേരുവിവരങ്ങളോ കൃത്യമായ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്ഥിരീകരിച്ചതല്ലാതെ സൗദി, യു.എ.ഇ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഫ്ലൈദുബായ് നിർത്തിവെച്ചിരിക്കുകയാണ്.
ദുബായിൽനിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് വിമാനത്തിൽ നാടകീയ സംഭവങ്ങൾ നടന്നത്. ഫ്ലൈറ്റ്‌റേഡാർ 24 നൽകുന്ന വിവരങ്ങൾ അനുസരിച്ച്, വെറും ഒരു മിനിറ്റിനുള്ളിൽ വിമാനം 33,000 അടിയിൽനിന്ന് 17,000 അടിയിലേക്ക് അപകടകരമായ രീതിയിൽ താഴേക്ക് പതിക്കുകയുണ്ടായി. തുടർന്ന് ജോർദാൻ അതിർത്തിക്ക് സമീപം അനിയന്ത്രിതമായി വട്ടമിട്ട് പറന്ന വിമാനം, ഒരു മണിക്കൂറിനുശേഷം സൗദിയിലെ തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
Flydubai Attack: Co-Pilot Assaulted Indian Captain Using Cockpit Crash Axe










