ട്രംപിൻ്റെ അസാധാരണ ഓഫർ തള്ളി യുഎഫ്‌സി ചീഫ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാനില്ലെന്ന് ഡാന വൈറ്റ്

വാഷിംഗ്ടൺ: അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (യുഎഫ്സി) മേധാവി ഡാന വൈറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അസാധാരണമായ ഓഫർ ഡാന വൈറ്റ് നിരസിച്ചു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്.

ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ട്രംപ് തന്നെയാണ് വൈറ്റിന് ഔദ്യോഗികമായി പദവി വാഗ്ദാനം ചെയ്ത വിവരം പരസ്യമാക്കിയത്. വൈറ്റിനെ ഒരു “അക്രമാസക്തനായ പോരാളി” എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഈ പരസ്യമായ അഭ്യർത്ഥന വൈറ്റ് നിരസിച്ചതോടെ, ട്രംപ് ഭരണകൂടത്തിന് സ്ഥിരമായ ഒരു മുഖ്യ വക്താവില്ലാത്ത അവസ്ഥ തുടരുകയാണ്.

തന്റെ ഭരണകൂടത്തെ രാഷ്ട്രീയ എതിരാളികളായ “ഭ്രാന്തൻ ഇടതുപക്ഷത്തിൽ” നിന്ന് പ്രതിരോധിക്കാൻ ആറ് യുഎഫ്‌സി ഫൈറ്റർമാരെക്കൂടി തനിക്കൊപ്പം “അസിസ്റ്റന്റുമാരായി” കൊണ്ടുവരണമെന്നും ട്രംപ് ഡാന വൈറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ചിത്രങ്ങളും ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. “ഡാനയെപ്പോലെ മറ്റൊരു പ്രസ് സെക്രട്ടറി ഉണ്ടാകില്ല. ഡാന, ദയവായി ഈ ജോലി ഏറ്റെടുക്കൂ” എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

ട്രംപിന്റെ അടുത്ത സുഹൃത്തായ വൈറ്റ്, ലണ്ടനിൽ ഒരു ബോക്സിങ് പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിയുന്നത്. തിങ്കളാഴ്ച വാഷിംഗ്ടണിലെത്തി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള ബിസിനസ്സ് ഉത്തരവാദിത്തങ്ങൾക്കൊപ്പം ഈ പുതിയ പദവി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “അതെ, എനിക്ക് ഇതിനകം തന്നെ ഒരുപാട് ജോലികളുണ്ട്” എന്നായിരുന്നു അല്പം അമ്പരപ്പോടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂമിലെ പോഡിയത്തിന് പിന്നിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് “അടുത്ത അധ്യായത്തിലേക്ക്” എന്ന് വൈറ്റ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

ഓഗസ്റ്റ് അവസാനത്തോടെ കരോലിൻ ലെവിറ്റ് സ്ഥാനം ഒഴിഞ്ഞതുമുതൽ വൈറ്റ് ഹൗസിന് സ്ഥിരമായ ഒരു പ്രസ് സെക്രട്ടറി ഇല്ലായിരുന്നു. തുടർന്ന് ചുമതലയേറ്റ കാറ്റി സക്കറിയ, മാധ്യമപ്രവർത്തകർക്ക് മുന്നിലെ അസ്വസ്ഥത നിറഞ്ഞ ആദ്യ വാർത്താസമ്മേളനത്തിന് ശേഷം വെറും അഞ്ച് ദിവസത്തിനുള്ളിൽ പദവി ഒഴിഞ്ഞിരുന്നു.

ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേൽക്കുകയും യുഎസ് കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള പുതിയ സംഭവവികാസങ്ങൾ.

UFC chief rejects Trump’s unusual offer; Dana White says he will not become White House Press Secretary.

More Stories from this section

family-dental
witywide