ട്രംപ് വീണ്ടും ആക്രമണത്തിന് ഒരുങ്ങവേ ആണവനിലയങ്ങൾക്ക് സമീപം അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ

അമേരിക്കയുടെ പുതിയ സൈനികാക്രമണ സാധ്യത ശക്തമായതോടെ ഇറാനിലെ ആണവനിലയങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു. ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കണോയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതിനിടെയാണ് നടപടി. സൈനിക സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് യുഎസും തയ്യാറെടുപ്പുകൾ നടത്തുന്നതായാണ് റിപ്പോർട്ട്.

അയഡിൻ ഗുളികകളുടെ വിതരണം ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. സൈനിക സംഘർഷം ഉയരുമ്പോൾ ആണവനിലയങ്ങളുടെ രണ്ടുമുതൽ മൂന്നുകിലോമീറ്റർ വരെ ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻകരുതലായി ഗുളികകൾ നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ ഇനി വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവ അപകടമുണ്ടായാൽ റേഡിയോ ആക്ടീവ് അയഡിൻ തൈറോയ്ഡ് ഗ്രന്ഥിയിൽ ആഗിരണം ചെയ്യുന്നത് തടയാനാണ് അയഡിൻ ഗുളികകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ വിതരണം ആണവ വികിരണ ഭീഷണി ഉടനുണ്ടാകുമെന്നതിന്റെ സൂചനയല്ല.

ഇറാന്റെ അതീവ സുരക്ഷയുള്ള പിക്കാക്സ് മൗണ്ടൻ ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടത്താനുള്ള സാധ്യത യുഎസ് ഗൗരവമായി പരിഗണിക്കുന്നതായി ഇറാനിയൻ രാഷ്ട്രീയ മാധ്യമപ്രവർത്തകൻ അൽ ജസീറയോട് പറഞ്ഞു. ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

നവംബർ ഒമ്പതിന് പശ്ചിമേഷ്യയിൽ അമാവാസിയായതിനാൽ ചന്ദ്രപ്രകാശം കുറവായിരിക്കുമെന്നും ഇത് സൈനിക നീക്കങ്ങൾക്ക് അനുകൂലമായേക്കാമെന്നും ഫോക്സ് ന്യൂസ് ചൂണ്ടിക്കാട്ടി. എന്നാൽ ആക്രമണത്തിന് ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.

ഇറാനെതിരായ യുദ്ധം പുനരാരംഭിക്കണോയെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് വ്യാഴാഴ്ച ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി പൂർണമായും തകർക്കാൻ വീണ്ടും ആക്രമണം വേണ്ടിവന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ, ഇറാനെതിരായ വലിയ സൈനിക നീക്കങ്ങൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ യുഎസ് സെൻട്രൽ കമാൻഡ് പൂർത്തിയാക്കിവരികയാണെന്ന് യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ ആക്രമണത്തിന് വാഷിങ്ടൺ ഇതുവരെ ഔദ്യോഗിക ഉത്തരവ് നൽകിയിട്ടില്ല.

അതിനിടെ, അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സൈദി ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും ഇറാഖിന്റെ ഭൂപ്രദേശം ആക്രമണങ്ങൾക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനെതിരായ യുഎസ് ആക്രമണം പുനരാരംഭിക്കാനുള്ള സാധ്യത പശ്ചിമേഷ്യയിൽ കൂടുതൽ വ്യാപകമായ സംഘർഷത്തിന് വഴിവെക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഇറാഖിന്റെ മുന്നറിയിപ്പ്.

Iran distributes iodine pills near nuclear sites as Trump weighs fresh strikes: Report

More Stories from this section

family-dental
witywide