
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണി ദാസിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് കോഴിക്കോട് സൈബർ പൊലീസ് നടപടിയെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 192, 356(2), കേരള പൊലീസ് ആക്ടിലെ സെക്ഷൻ 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സിജെപി സമരവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ പിതൃത്വത്തെയും മാതാപിതാക്കളെയും മോശം പദാവലി ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നാണ് ജാൻമണിക്കെതിരെയുള്ള കുറ്റം. പൊതുജനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാനും സാമുദായിക സൗഹാർദ്ദം തകർക്കാനും ലക്ഷ്യമിട്ടാണ് ഇവർ സംസാരിച്ചതെന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയതായും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി ജാൻമണി ഇൻസ്റ്റഗ്രാമിൽ ക്ഷമാപണ വീഡിയോ പങ്കുവെച്ചിരുന്നു. മലയാള ഭാഷാ പരിമിതി മൂലമാണ് വാക്കുകളിൽ തെറ്റിദ്ധാരണ ഉണ്ടായതെന്നും അവർ വിശദീകരിച്ചു.
എന്നാൽ ജാൻമണിയുടെ മാപ്പ് പറച്ചിൽ അംഗീകരിക്കില്ലെന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് വ്യക്തമാക്കി. ഇത് വെറുമൊരു ഭാഷാ പരിമിതിയല്ലെന്നും ബോധപൂർവമായ അധിക്ഷേപമാണെന്നും ആരോപിച്ച മഹിളാ മോർച്ച, ജാൻമണിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ പരാതി നൽകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
Case registered against makeup artist Janmani Das for making abusive remarks against Prime Minister















