രാസ-ജൈവ ആയുധങ്ങൾ നിർമ്മിക്കുന്നുവെന്ന ട്രംപിന്‍റെ ആരോപണം തള്ളി ഇറാൻ; ഇറാഖ് അധിനിവേശ കാലത്തെ നുണപ്രചാരണങ്ങളോട് ഉപമിച്ച് വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാൻ: ഇറാൻ രാസ-ജൈവ ആയുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോപണത്തെ ശക്തമായി തള്ളിക്കളഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാഖിന്‍റെ പക്കൽ കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്ന് അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ ഐക്യരാഷ്ട്രസഭയിൽ അവകാശപ്പെട്ടതിന് സമാനമായ നുണപ്രചാരണമാണിതെന്ന് ഇറാൻ കുറ്റപ്പെടുത്തി.

‘ഇറാനിയൻ ആണവ ഭീഷണി’ എന്ന വലിയ പ്രചാരണത്തിന് ശേഷം, ഇറാൻ ജൈവ-രാസ ആയുധങ്ങൾ നിർമ്മിക്കുന്നതിന് സൂചനകളുണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥർ ഇപ്പോൾ അവകാശപ്പെടുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ് എക്സിലൂടെ പ്രതികരിച്ചു. ആരോപണങ്ങൾ മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, അതിന് പിന്നിലെ തിരക്കഥ അസ്വസ്ഥതയുണ്ടാക്കുന്ന വിധം പരിചിതമാണെന്നും ലോകം വീണ്ടും കൂട്ടായ ഓർമ്മക്കുറവിന് ഇരയാകണമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സദ്ദാം ഹുസൈന്റെ ഭരണകൂടം കൂട്ടനശീകരണ ആയുധങ്ങൾ നിർമ്മിക്കുന്നുവെന്ന വാദമുയർത്തി 2003-ൽ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശം ചൂണ്ടിക്കാട്ടിയ ബഖായ്, അമേരിക്കൻ ജനത എന്തിനാണ് വീണ്ടും ഇത്തരം കള്ളങ്ങളിൽ വീഴുന്നതെന്ന് ചോദിച്ചു. 2003-ൽ യു.എൻ രക്ഷാസമിതിക്ക് മുന്നിൽ ഇറാഖിന്റെ ആയുധഭീഷണിയുടെ പ്രതീകമായി ഒരു ചെറിയ കുപ്പി ഉയർത്തിക്കാട്ടിയ കോളിൻ പവലിന്റെ കുപ്രസിദ്ധമായ പ്രസംഗം ലോകം മറക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ കരുതുന്നുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.

ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ പരാജയത്തിന്റെയും രാഷ്ട്രീയ വഞ്ചനയുടെയും പ്രതീകമായി ആ നിമിഷം മാറിയെന്നും, ഇപ്പോൾ സമാനമായ വഞ്ചനാപരമായ തിരക്കഥ പിന്തുടരുന്ന പുതിയ ആരോപണങ്ങളെയാണ് തങ്ങൾ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ അമേരിക്ക തടഞ്ഞതിനാൽ, അവർ രാസ-ജൈവ ആയുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതായി സൂചനയുണ്ടെന്നായിരുന്നു ബുധനാഴ്ച ട്രംപ് ആരോപിച്ചത്. എന്നാൽ തന്റെ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല.

More Stories from this section

family-dental
witywide