
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 180-ഓളം യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ. വിമാനത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇസ്രായേലി പൗരന്മാരായതിനാൽ വിമാനം തകർക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ അട്ടിമറി നീക്കമാണിതെന്ന് ഇസ്രായേൽ മന്ത്രി ബെസലേൽ സ്മോട്രിച്ച് ആരോപിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും അവരുടെ കൃത്യമായ ഉദ്ദേശ്യവും എത്രയും വേഗം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പറന്നുയർന്ന് ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് കോക്പിറ്റിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് യു.എ.ഇ സ്വദേശിയായ ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും വിമാനം അപായപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. കോക്പിറ്റിൽ നിന്നുള്ള തർക്കത്തിന് പിന്നാലെ വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. ഇതിനിടെ കൺട്രോൾ റൂമിലേക്ക് ഹൈജാക്കിങ് എമർജൻസി കോഡാണ് സന്ദേശമായി ലഭിച്ചത്.
തുടർന്ന് സൗദി അറേബ്യയിലെ സൈനിക-സിവിലിയൻ താവളമായ തബൂക്ക് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. പരിക്കേറ്റ പൈലറ്റിനെയും സഹപൈലറ്റിനെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 180-ഓളം യാത്രക്കാരും മറ്റ് ജീവനക്കാരും പൂർണമായും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Flydubai Cockpit Attack: Israel Does Not Rule Out Terror Angle, Minister Suspects Sabotage Plot













