ദുബായ്: ദുബായിൽനിന്ന് ഇസ്രയേലിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം അടിയന്തരമായി സൗദി അറേബ്യയിൽ ഇറക്കേണ്ടിവന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്തിനുള്ളിൽ ഒരാൾ പോക്കറ്റ് കത്തി ഉപയോഗിച്ച് പൈലറ്റിനെ കുത്തിയെന്നും തുടർന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം താഴേക്ക് പോയെന്നും യാത്രക്കാർ പറഞ്ഞു. “വിമാനത്തിൽ നിലവിളി കേട്ടു. പിന്നീട് കോക്പിറ്റ് തുറന്നപ്പോൾ രക്തം കണ്ടു. ഒരാൾ പോക്കറ്റ് കത്തി ഉപയോഗിച്ച് പൈലറ്റിനെ കുത്തിയിരുന്നു,” എന്ന് ടൈംസ് ഓഫ് ഇസ്രയേലിനോട് ഒരു യാത്രക്കാരി സന്ദേശത്തിലൂടെ പറഞ്ഞു.
വിമാനത്തിലെ ജീവനക്കാരും ഇസ്രയേലി യാത്രക്കാരും ചേർന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയതെന്നും അവർ പറഞ്ഞു. പൈലറ്റിന് കുത്തേറ്റതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റെന്നും മറ്റൊരു യാത്രക്കാരിയായ നോം പറഞ്ഞു. “യാത്രക്കാർ നിലവിളിക്കാൻ തുടങ്ങി. പൈലറ്റുമാർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനം അതിവേഗം താഴേക്ക് പോകാൻ തുടങ്ങി. വളരെ ഭയാനകമായിരുന്നു,” എന്നും അവർ പറഞ്ഞു.
“ഞങ്ങൾ ‘ഷെമ ഇസ്രയേൽ’ പ്രാർഥന ചൊല്ലി. ജീവനോടെ പുറത്തുകടക്കാൻ കഴിയില്ലെന്ന് കരുതിയ നിമിഷങ്ങളുമുണ്ടായിരുന്നു,” നോം കൂട്ടിച്ചേർത്തു. ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് എഫ്‌സെഡ്1073 വിമാനം പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അടിയന്തര സിഗ്നൽ അയച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥൻ ബുധനാഴ്ച അറിയിച്ചു.
ജോർദാൻ വ്യോമപരിധിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ദിശമാറ്റി സൗദിയിലേക്ക് തിരിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്റാഡാർ24 പ്രകാരം വിമാനം ആദ്യം പൊതുവായ അടിയന്തര സിഗ്നൽ അയച്ചു. ഏതാനും മിനിറ്റുകൾക്ക് ശേഷം അനധികൃത ഇടപെടൽ നടന്നിരിക്കാമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു സിഗ്നലും അയച്ചു.
തുടർന്ന് ബോയിങ് 737 വിമാനം വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ആദ്യത്തെ അടിയന്തര സിഗ്നൽ അയയ്ക്കുന്നതിന് മുമ്പ് 30 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ വിമാനം ഏകദേശം 14,000 അടി താഴേക്ക് അതിവേഗം ഇറങ്ങിയതായും ഫ്ലൈറ്റ്റാഡാർ24 വ്യക്തമാക്കി.
അതേസമയം, വിമാനം റാഞ്ചാൻ ശ്രമം നടന്നെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പിന്നീട് ഇക്കാര്യം നിഷേധിച്ചു. പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് റാഞ്ചിങ് സൂചിപ്പിക്കുന്ന സിഗ്നൽ ലഭിച്ചതെന്ന് വിമാനക്കമ്പനി സ്ഥിരീകരിച്ചതായി ഹീബ്രു മാധ്യമമായ യെനെറ്റ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് കരുതുന്നതെങ്കിലും സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
‘Heard screams, saw blood, someone stabbed pilot’: Passengers recall flydubai flight horror














