
തിരുവനന്തപുരം: ദുബായിലെ ജൂവലറി സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ മുൻ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ. നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
നിക്ഷേപത്തിന് വൻതുക ലാഭവിഹിതമായി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം കൈക്കലാക്കിയതെന്നാണ് പരാതി. സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിലും സുഹൈൽ നേരത്തെ അറസ്റ്റിലായിരുന്നു. ആനയറയിലെ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നായിരുന്നു കേസ്.
ആശുപത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഉള്ളടക്കങ്ങൾ പിൻവലിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതർ പരാതിയിൽ ആരോപിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടതിനു പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
എ.കെ.ജി സെന്റർ ആക്രമണക്കേസിലും സുഹൈൽ പ്രതിയാണ്. തുടർച്ചയായ വിവാദങ്ങളും ആരോപണങ്ങളും ഉയർന്നതിനെത്തുടർന്ന് കോൺഗ്രസ് ഇയാളെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.















