സ്റ്റേഡിയം നവീകരണത്തിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ യഥാർത്ഥ കാര്യങ്ങൾ വെളിച്ചത്തുവരുമെന്നും പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണങ്ങളിൽ സർക്കാർ തളരില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേട് നടത്തിയ ആരും അത് ചെയ്തതായി സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രിയെന്നും അദ്ദേഹം ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ എല്ലാ നടപടികളും പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൺവീനർ ലഹരി കേസിൽ ഉൾപ്പെട്ട സംഭവത്തിൽ കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും എന്നാൽ ഈ കുറ്റം കണ്ടെത്തി നടപടിയെടുത്തത് നിലവിലെ സർക്കാരാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളിലെ അട്ടഹാസം കൊണ്ട് ആരും പേടിപ്പിക്കേണ്ടതില്ലെന്നും തോന്നിവാസം കാണിച്ചാൽ മെറ്റ വാർത്തകൾ നീക്കം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചാനലുകളിലെ അടിസ്ഥാനരഹിതമായ വിമർശനങ്ങൾക്കെതിരെ ശക്തമായ മറുപടിയാണ് മന്ത്രി നൽകിയത്.
കെഎൻഎം അനുസ്മരണ ചടങ്ങിലെ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും മന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. വന്ദേമാതരത്തിന് പോലും കേന്ദ്രം നിബന്ധനകൾ വെച്ചപ്പോൾ കേരളം ശക്തമായ എതിർപ്പും നിലപാടുമാണ് സ്വീകരിച്ചത്. ചീഫ് സെക്രട്ടറി കേന്ദ്രത്തിന്റെ തീരുമാനം ഉത്തരവായി അറിയിച്ചെങ്കിലും കേരളത്തിൽ വന്ദേമാതരത്തിൽ പഴയ പ്രോട്ടോകോൾ തന്നെയായിരിക്കും തുടരുകയെന്നും കേന്ദ്രത്തിന് ഒന്നും ഇവിടെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
Former CM Pinarayi must answer on Messi’s visit controversy says Minister K Muraleedharan












