
നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അപകടത്തിൽ കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടമുണ്ടായ ആദ്യഘട്ടത്തിൽ നടക്കേണ്ടിയിരുന്ന തിരച്ചിലിൽ വലിയ കാലതാമസമുണ്ടായത് തികച്ചും നിർഭാഗ്യകരമാണെന്നും അത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ കണക്കിലെടുത്ത് ഇളയ മകന് ജോലിയും താമസിക്കാൻ വീടും നൽകാൻ സർക്കാർ തയ്യാറാകണമെന്നും അമ്മ രേഷ്മയുമായി സംസാരിച്ച ശേഷം പിണറായി വിജയൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ സർക്കാരിനെയും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിനെയും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സഹായത്തിനായി സംസ്ഥാന സർക്കാരിലെ മന്ത്രി തങ്ങളെ ബന്ധപ്പെട്ടുവെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി കേരളത്തിൽ എന്ത് ഭോഷ്കാണ് നടക്കുന്നതെന്ന് പിണറായി വിജയൻ ചോദിച്ചു. മുൻകാലങ്ങളിൽ ഇത്തരം വലിയ ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ സംസ്ഥാന സർക്കാരാണ് ഔദ്യോഗികമായി കേന്ദ്ര സഹായം തേടിയിട്ടുള്ളതെന്നും അത്തരം ഘട്ടങ്ങളിൽ സഹായം കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നീണ്ടകരയിൽ ഗൗതം കൃഷ്ണനെ കാണാതായി 12 ദിവസങ്ങൾക്ക് ശേഷമാണ് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ വീട്ടിലെത്തിയത്. തിരച്ചിലിന്റെ ആദ്യഘട്ടമായ ഗോൾഡൻ മണിക്കൂറുകളിൽ വീഴ്ച സംഭവിച്ചതായി ഗൗതമിന്റെ അമ്മ രേഷ്മയ്ക്ക് മുന്നിൽ മന്ത്രി സമ്മതിച്ചു. സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കുമെന്നും വിഴിഞ്ഞത്തും മുതലപ്പൊഴിലിലും കാണാതായ ജോൺ, ഷിജിൻ എന്നിവർക്കായി നാവികസേനയുടെയും കൂടുതൽ വള്ളങ്ങളുടെയും സഹായത്തോടെ തിരച്ചിൽ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി അറിയിച്ചു.
Missing Youth Case: Pinarayi Vijayan Criticizes Govt; Fisheries Minister Admits Lapse in Rescue Ops













