വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ) കൂടുതൽ പരിശോധനകൾക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടാനുള്ള പ്രമേയം ലോക്സഭ പാസാക്കി. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ബില്ലിനെതിരെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഭേദഗതി ബിൽ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും കാര്യാപദേശക സമിതിയിൽ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയതാണെന്നും കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ സഭയെ അറിയിച്ചു.
ഈ ബിൽ ക്രിസ്ത്യൻ സംഘടനകളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ളതാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ആർഎസ്എസ് അടക്കമുള്ള സംഘടനകൾ വിദേശ സംഭാവനകൾ സ്വീകരിക്കുന്നുണ്ടെങ്കിലും അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതികളാണ് സർക്കാർ കൊണ്ടുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. ഇത്രയും ദിവസം ബിൽ ജെപിസിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ബില്ലിലെ ഒരു വ്യവസ്ഥ പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കിരൺ റിജിജു വ്യക്തമാക്കി. ഒരു പ്രത്യേക സ്ഥാപനത്തെയും ബിൽ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം സഭയിൽ കടുത്ത ബഹളം വച്ചെങ്കിലും പ്രതിഷേധത്തിനിടെ സ്പീക്കർ പ്രമേയം പാസാക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു.
FCRA Amendment Bill referred to JPC in Lok Sabha: Opposition protests, House adjourned












