
സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിനും ആർ.എസ്.എസ് അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരൂരിൽ കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്. പണ്ട് ലോക കേരള സഭയെ ശക്തമായി എതിർത്തവരാണ് ഇന്ന് ഭരണത്തിലുള്ളതെന്നും, സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും തഴഞ്ഞതോടെ അവരുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഭാവി തുലാസിലായെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ആശങ്ക അകറ്റാൻ എൽ.ഡി.എഫ് കാലത്തെ പദ്ധതികൾ വെട്ടിക്കുറച്ച സർക്കാരിന്റെ നിലപാട് അടിയന്തരമായി തിരുത്തണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞാ ചടങ്ങുകളിലടക്കം വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ, ആർ.എസ്.എസ് നിലപാടുകൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ കീഴടങ്ങുന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. രാജ്യത്ത് വന്ദേമാതരം ചൊല്ലുന്നതിന് കൃത്യമായ ചിട്ടയുണ്ടെന്നും, മതനിരപേക്ഷതയ്ക്ക് നിരക്കാത്ത രീതിയിൽ അത് പൂർണ്ണമായി ചൊല്ലുന്നത് ആർ.എസ്.എസ് അജണ്ടയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ഏഴ് വരികൾക്കപ്പുറം വന്ദേമാതരം ചൊല്ലണമെന്ന സർക്കുലർ അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി വിഷയത്തിലും ‘പി.എം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതിലും ആർ.എസ്.എസ് പ്രീണനമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിലൂടെ മുസ്ലിം ലീഗ് ആർ.എസ്.എസിന് കീഴടങ്ങുകയാണ്. കൂടാതെ, കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതി വഴി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് ആണ് ഇതിന് പിന്നിലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Pinarayi Vijayan Slams UDF Govt Over RSS Appeasement; Demands Withdrawal of Vandemataram Circular












