ഫ്ലോറിഡയിൽ രണ്ടു മക്കളെയും മുൻ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം നാൽപ്പത്തിരണ്ടുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

മയാമി: അമേരിക്കയിലെ ഫ്ലോറിഡയിൽ രണ്ട് പെൺമക്കളെയും അവരുടെ അമ്മയെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം പിതാവ് സ്വയം ജീവനൊടുക്കി. മയാമിക്ക് സമീപമുള്ള ഡോറൽ നഗരത്തിലെ സുരക്ഷിത റെസിഡൻഷ്യൽ മേഖലയായ ‘ഡോറൽ ഐൽസ്’ എന്ന കോളനിയിലാണ് ജനങ്ങളെ ഞെട്ടിച്ച കൊലപാതക പരമ്പര നടന്നത്. 42 കാരനായ റയാൻ ചാൾസ് വൈറ്റൻ ആണ് മുൻ ഭാര്യ മെലാനി ഹെയർ (46), മക്കളായ സവാന വൈറ്റൻ (11), സിയീന വൈറ്റൻ (8) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

കൊല്ലപ്പെട്ട മെലാനിയും കൊലപാതകം നടത്തിയ റയാനും ദക്ഷിണ ഫ്ലോറിഡയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രൊഫഷണലുകളാണ്. ചൊവ്വാഴ്ച രാത്രി 7:30 ഓടെ ഈ വീട്ടിൽ നിന്നും വിവരങ്ങളൊന്നും ലഭ്യമാകാത്തതിനെ തുടർന്ന് ഒരു കുടുംബസുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഡോറൽ പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. നാലുപേരുടെയും ശരീരത്തിൽ മാരകമായ കുത്തേറ്റ മുറിവുകളുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

റയാനും മെലാനിയും വർഷങ്ങൾക്ക് മുൻപ് തന്നെ വിവാഹബന്ധം വേർപെടുത്തിയവരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും വെവ്വേറെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധങ്ങളും പിന്നീട് തകർന്നിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി ഇവർ ഒന്നിച്ച് തീരുമാനങ്ങൾ എടുത്തിരുന്നതായും റയാൻ ഇതേ കോളനിയിലെ മറ്റൊരു അപ്പാർട്ട്മെൻ്റിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

മേഖലയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യക്തിത്വമായ മെലാനിയുടെയും മക്കളുടെയും അപ്രതീക്ഷിത വിയോഗം ഡോറൽ നഗരത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. മെലാനിയെ വ്യക്തിപരമായി അറിയാമായിരുന്ന ഡോറൽ മേയർ ക്രിസ്റ്റി ഫ്രാഗ സംഭവത്തിൽ കടുത്ത ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. കുട്ടികൾ പഠിച്ചിരുന്ന ഡൗൺടൗൺ ഡോറൽ ചാർട്ടർ സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിന്തുണ നൽകാൻ കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. കുടുംബവഴക്കോ മാനസിക സമ്മർദ്ദങ്ങളോ ആകാം ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മയാമി-ഡേഡ് ഷെരീഫ് ഓഫീസിലെ ഹോമിസൈഡ് ബ്യൂറോ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Forty-two-year-old man commits suicide after killing two children and ex-wife in Florida

More Stories from this section

family-dental
witywide