
വെല്ലിംഗ്ടൺ: കൗമാരക്കാരെ ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അകറ്റി നിർത്തുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി ന്യൂസിലാൻഡ് സർക്കാർ. 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള സുപ്രധാന ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ആഗോള വരുമാനത്തിൻ്റെ 10 ശതമാനം വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമനിർമ്മാണം.
കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിച്ച ഓസ്‌ട്രേലിയ, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ന്യൂസിലാൻഡിൻ്റെയും പുതിയ നടപടി. “ന്യൂസിലാൻഡിലെ ഒരു തലമുറയിലെ കുട്ടികൾക്ക് സോഷ്യൽ മീഡിയ വരുത്തിവെക്കുന്ന ദോഷങ്ങൾ ഞങ്ങൾക്ക് കൈയും കെട്ടി നോക്കിനിൽക്കാനാകില്ല,” ബിൽ അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി. രാജ്യത്ത് 13-നും 17-നും ഇടയിൽ പ്രായമുള്ള മൂന്നിൽ ഒരു കുട്ടി വീതം ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നുണ്ടെന്നും ഇത് അവരുടെ മാനസികാരോഗ്യം, ഉറക്കം, വിദ്യാഭ്യാസം എന്നിവയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിബന്ധനകൾ ഇങ്ങനെ:
- ഇൻസ്റ്റാഗ്രാം, ടിക്ടോക്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾ ഉപയോക്താക്കൾക്ക് 16 വയസ്സ് തികഞ്ഞു എന്ന് ഉറപ്പാക്കണം.
- ഇതിനായി ഡിജിറ്റൽ ഐഡി, ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ, മുഖം നോക്കി പ്രായം കണക്കാക്കുന്ന സാങ്കേതികവിദ്യ എന്നിവ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണം.
- നിയമം ലംഘിച്ചാൽ കമ്പനികൾക്ക് മാത്രമായിരിക്കും ശിക്ഷ. കുട്ടികൾക്കോ മാതാപിതാക്കൾക്കോ യാതൊരുവിധ പിഴയോ ശിക്ഷയോ ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് വ്യക്തമാക്കി.
രാഷ്ട്രീയ പ്രതിസന്ധി
അതേസമയം, ഭരണകക്ഷിയായ നാഷണൽ പാർട്ടിയുടെ സഖ്യകക്ഷികളായ ‘ആക്റ്റ്’ (ACT), ‘എൻസെഡ് ഫസ്റ്റ്’ എന്നീ പാർട്ടികൾ ബില്ലിനെതിരെ രംഗത്തുവന്നത് നിയമം പാസാക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ ഇത്തരം നിയമം പരാജയമാണെന്ന് എൻസെഡ് ഫസ്റ്റ് ചൂണ്ടിക്കാണിച്ചപ്പോൾ, കൗമാരക്കാർ വിപിഎൻ പോലുള്ള വിദ്യകളിലൂടെ ഈ നിരോധനം എളുപ്പത്തിൽ മറികടക്കുമെന്നാണ് ആക്റ്റ് പാർട്ടി വ്യക്തമാക്കുന്നത്. എന്നാൽ യുവാക്കളുടെ സുരക്ഷയാണ് പ്രധാനമെന്നും, പ്രായം പരിശോധിക്കുന്ന രീതി കൃത്യമായി വ്യക്തമാക്കിയാൽ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്നും പ്രതിപക്ഷമായ ലേബർ പാർട്ടി അറിയിച്ചിട്ടുണ്ട്.
Ban on children’s social media use; New Zealand introduces strict laws, digital ID and facial scanning to verify age; Important decision after Australia












