
ന്യൂയോർക്ക്: ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്നും രാജ്യത്തെ യുവജനങ്ങളിലും പ്രത്യേകിച്ച് സ്ത്രീകളിലും തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി. പിബിഎസ് ചാനലിൻ്റെ ‘ഫയറിങ് ലൈൻ’ എന്ന അഭിമുഖ പരിപാടിയിൽ മാധ്യമപ്രവർത്തക മാർഗരറ്റ് ഹൂവറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ തള്ളിക്കളയുന്ന ഇന്ത്യൻ സ്ത്രീകളുടെ നിലപാടുകൾ എടുത്തുപറയേണ്ടതാണെന്ന് റുഷ്ദി വ്യക്തമാക്കി.
അമേരിക്കയിൽ ആർ.എസ്.എസ്. സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെയുള്ള ചില ഇന്ത്യൻ ഹിന്ദുക്കൾ ഇത്തരം തീവ്ര ദേശീയവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് ഖേദകരമാണ്.
2002-ൽ ഗുജറാത്തിൽ നടന്ന കലാപത്തിലെ പങ്കിന്റെ പേരിൽ പ്രധാനമന്ത്രി മോദിയെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മാംദാനി ഒരു ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിച്ചിരുന്നു. മോദി യുദ്ധക്കുറ്റവാളിയാണെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ക്രൂരമായ ഒരു വശമുണ്ടെ’ന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമപരമായി കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അക്രമസംഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മോദിക്ക് പങ്കുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും, അക്രമങ്ങളിൽ ചിലതിനെങ്കിലും അദ്ദേഹം ഉത്തരവാദിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും റുഷ്ദി പറഞ്ഞു.
ന്യൂയോർക്കിലെ ചൗട്ടാക്വയിൽ വെച്ച് തനിക്കെതിരെ നടന്ന ക്രൂരമായ വധശ്രമത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു. ആക്രമണത്തിലെ പരിക്കുകളിൽ നിന്ന് സുഖം പ്രാപിക്കുന്ന ഘട്ടങ്ങൾ ചിത്രീകരിച്ച് തയ്യാറാക്കിയ ‘Knife: The Attempted Murder of Salman Rushdie’ എന്ന ഡോക്യുമെന്ററി ഉടൻ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. റുഷ്ദിയും ഭാര്യ എലിസ ഗ്രിഫിത്ത്സും ചേർന്ന് പകർത്തിയ ചിത്രങ്ങൾ അക്രമത്തിന്റെ ഭീകരത അതേപടി വെളിപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Writer Salman Rushdie says there is great hope for India’s youth and women














