ഗുരുതര രോഗങ്ങളാൽ വലയുന്നവർക്ക് ഡോക്ടറുടെ സഹായത്തോടെയുള്ള മരണം, നിയമവിധേയമാക്കി ഫ്രാൻസ്

പാരീസ്: ഭേദമാക്കാനാകാത്ത ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രായപൂർത്തിയായവർക്ക് കർശന വ്യവസ്ഥകളോടെ അസിസ്റ്റഡ് ഡൈയിങ് (ഡോക്ടറുടെ സഹായത്തോടെയുള്ള മരണം) അനുവദിക്കുന്ന ബില്ലിന് ഫ്രാൻസിന്റെ ദേശീയ അസംബ്ലി അന്തിമ അംഗീകാരം നൽകി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ച ദയാവധത്തിന് അനുകൂലമായ നിയമനിർമാണത്തിന്റെ ഭാഗമായാണ് നടപടി. സെനറ്റ് ബിൽ തള്ളിയെങ്കിലും ഫ്രഞ്ച് നിയമപ്രകാരം ദേശീയ അസംബ്ലിയുടെ തീരുമാനമാണ് അന്തിമമായി കണക്കാക്കപ്പെടുക. ഇനി ഭരണഘടനാ സമിതിയുടെ പരിശോധന കൂടി പൂർത്തിയാകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

പുതിയ നിയമപ്രകാരം 18 വയസ്സ് പൂർത്തിയായ ഫ്രഞ്ച് പൗരന്മാർക്കും ഫ്രാൻസിൽ സ്ഥിരതാമസമാക്കിയവർക്കും സ്വന്തം ഇഷ്ടപ്രകാരം ഇതിനായി അപേക്ഷിക്കാം. ഡോക്ടറുടെ നിർദ്ദേശാനുസരണം മരണം വരിക്കുന്നതിനുള്ള മരുന്ന് രോഗിക്ക് സ്വയമേവ സ്വീകരിക്കാം. എന്നാൽ ഗുരുതര മാനസികരോഗമുള്ളവർക്കും അൽസ്ഹൈമേഴ്‌സ് ബാധിച്ചവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം ആരോഗ്യവിദഗ്ധർ രോഗിയുടെ അവസ്ഥ പരിശോധിക്കും. അനുമതി ലഭിച്ചാൽ ബന്ധുക്കളുടെയും ഡോക്ടർമാരുടെയും സാന്നിധ്യത്തിൽ മരുന്ന് കഴിക്കാം. ഇതിന്റെ മുഴുവൻ ചെലവും ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് വഹിക്കുക.

നിലവിലെ നിയമപ്രകാരം മരണാസന്നരായ രോഗികൾക്ക് ഡീപ്പ് സെഡേഷൻ അനുവദിച്ചിരുന്നെങ്കിലും അസിസ്റ്റഡ് ഡൈയിങ്ങോ ദയാവധമോ ഫ്രാൻസിൽ നിയമവിധേയമായിരുന്നില്ല. അതിനാൽ പലരും അയൽരാജ്യങ്ങളിലേക്ക് പോയാണ് ഇത്തരം സേവനങ്ങൾ തേടിയിരുന്നത്. ബില്ലിനെ ഭൂരിഭാഗം ജനങ്ങളും അനുകൂലിക്കുന്നുണ്ടെങ്കിലും, പ്രായമായവരിലും ഭിന്നശേഷിക്കാരിലും ഇത് തെറ്റായ സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്കയോടെ മത-സാമൂഹിക സംഘടനകൾ നിയമനിർമ്മാണത്തെ എതിർക്കുന്നുണ്ട്.

France Legalizes Assisted Dying for Terminally Ill Patients

More Stories from this section

family-dental
witywide