റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഒറ്റദിവസം കൊണ്ട് അവസാനിപ്പിക്കുക ഇന്ത്യയ്ക്ക് എളുപ്പമല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്കെതിരെ ചുമത്താനിരുന്ന ചില തീരുവകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒഴിവാക്കിയതിന് പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം.ഇന്ത്യ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണെങ്കിലും റഷ്യയിൽനിന്ന് വലിയ അളവിൽ ഊർജം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു.
ഇന്ത്യ ഊർജ ഇറക്കുമതിയുടെ സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ടെങ്കിലും റഷ്യയെ പൂർണമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ സമയം ആവശ്യമാണ്. ഉപരോധങ്ങളും തീരുവകളും ആഗോള സമ്പദ്വ്യവസ്ഥയിലും അമേരിക്കൻ സമ്പദ്വ്യവസ്ഥയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താൻ 60 ദിവസത്തെ സമയം ഉപയോഗിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ അവരുമായുള്ള നയതന്ത്രബന്ധവും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെയും ഇറാന്റെയും ഉപരോധങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപ് തീരുവ ഇളവ് പ്രഖ്യാപിച്ചത്. റഷ്യയിൽനിന്നുള്ള ഇറക്കുമതിക്ക് 500 ശതമാനം വരെയും റഷ്യയുടെ എണ്ണ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന അഞ്ച് രാജ്യങ്ങൾക്ക് 100 ശതമാനം വരെയും തീരുവ ചുമത്താൻ നിയമം അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നു. ഇന്ത്യ, ചൈന, അസർബൈജാൻ, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഉപരോധങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും താൽക്കാലികമായി മാറ്റിവച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റഷ്യയിൽനിന്ന് ഡീസൽ വാങ്ങുന്നതിനുള്ള കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. റഷ്യ ഉടൻ മൂന്ന് ലക്ഷം ടണ്ണിലധികം ഡീസൽ വിതരണം ചെയ്യുമെന്നും നവംബറിൽ അഞ്ച് ലക്ഷം ടണ്ണും തുടർന്ന് 10 ലക്ഷം ടണ്ണും ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ 30 ലക്ഷം ടൺ കൂടി ലഭിക്കുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്കുമേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി റഷ്യൻ ധനകാര്യ സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര പങ്കാളികൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നവംബർ മൂന്നിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റഷ്യയോടുള്ള സമീപനത്തിൽ ട്രംപ് സ്വീകരിക്കുന്ന ഇളവുകളുടെ ഭാഗമായാണ് പുതിയ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.
‘India diversified imports, but hard to pivot in one day’: Marco Rubio explains why US waived some Russia energy tariffs










