സംസ്ഥാനത്ത് ജൂൺ 15 മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യയാത്രക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായുള്ള ഈ പദ്ധതി പ്രിയദർശിനി എന്ന പേരിലാവും അറിയപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരുമാനം, പ്രായം എന്നീ ഉപാധികൾ ഒന്നും ഇല്ലാതെ ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലായിരിക്കും സൗജന്യ യാത്ര നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം കെഎസ്ആർടിസിയ്ക്ക് പ്രതിമാസ നഷ്ടം 65 മുതൽ 70 കോടി രൂപയാണ് വരുമാന നഷ്ടം. ഒരു വർഷത്തിൽ കെഎസ്ആർടിസിയ്ക്ക് 800 കോടിയോളം രൂപയായിരിക്കും നഷ്‌ടം. ഈ തുക സർക്കാർ വഹിക്കും. നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന 1500 കോടിക്ക് പുറമെ ഈ തുകയും സർക്കാർ കെഎസ്ആർടിസിയ്ക്ക് നൽകും. കെഎസ്ആർടിസി 6 മാസത്തിനകം വരുമാനം കൂട്ടണം. ആ ഘട്ടത്തിൽ പദ്ധതി കുറച്ചു കൂടി വ്യാപിപ്പിക്കും.
കെഎസ്ആർടിസിയുടെ നില കുറച്ചുകൂടി മെച്ചപ്പെടുത്തിയതിന് ശേഷമായിരിക്കും സൗജന്യ യാത്രയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുക. മലബാർ ജില്ലകളിലെ ബസ് സർവീസിൽ 28% മാത്രമേ KSRTC ഉള്ളു. ഒരു പുതിയ സംവിധാനം ഏർപ്പെടുത്തുമ്പോൾ അതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട് കുറവുകൾക്കനുസരിച്ച് അതെല്ലാം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സ്‌റ്റേറ്റ് അറ്റോർണിയായി അനുപ് ബി നായരെ നിയമിച്ചുവെന്നും മുഖ്യമന്ത്രി വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Free travel for women and transgenders in KSRTC ordinary buses from June 15; Chief Minister says the project is called Priyadarshini









