
പെരുന്ന: കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പാർട്ടിയിലെ കീഴ്‌വഴക്കങ്ങൾ ഒന്നും പാലിക്കാതെയാണ് ഈ തീരുമാനമെന്നും, കോൺഗ്രസ് പൂർണ്ണമായും മുസ്ലീം ലീഗിന് കീഴടങ്ങിയതായാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൻ്റെ ഈ തീരുമാനം തികച്ചും കഷ്ടമായിപ്പോയെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ജനാധിപത്യ മര്യാദ ഒട്ടും പാലിക്കാത്ത തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം ജനങ്ങളോട് പറയാൻ ഇത്രയും താമസിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫിലെ ഘടകകക്ഷികൾ കോൺഗ്രസിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തിയത് ശരിയായില്ല. വരുംദിവസങ്ങളിൽ ലീഗ് ഭരണത്തിലും മുന്നണിയിലും പൂർണ്ണമായി പിടിമുറുക്കാൻ പോകുന്നതിൻ്റെ തെളിവാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷ ജനങ്ങളുടെ അഭിപ്രായം വി.ഡി. സതീശന് അനുകൂലമാണെന്ന് ആരാണ് കൗണ്ട് ചെയ്തതെന്നും, ഏത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലെന്നും സുകുമാരൻ നായർ ചോദ്യമുന്നയിച്ചു.
G. Sukumaran Nair said that the Congress surrendered to the League and did not follow democratic etiquette in appointing V.D. Satheesan as the Chief Minister.














