
അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ അറ്റ്‌ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടംസ് തകർപ്പൻ വിജയം നേടി. ഒപ്പമുണ്ടായിരുന്ന ശക്തരായ അഞ്ച് സ്ഥാനാർത്ഥികളെ പിന്നിലാക്കി 57 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് അവർ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. ഇതോടെ നവംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, അമേരിക്കൻ ചരിത്രത്തിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ (കറുത്തവർഗ്ഗക്കാരി) വനിത എന്ന ചരിത്രനേട്ടം കെയ്ഷയ്ക്ക് സ്വന്തമാകും. ഒപ്പം ജോർജിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് എന്ന പദവിയും അവർക്ക് ലഭിക്കും.
2018 മുതൽ 2022 വരെ അറ്റ്‌ലാന്റ മേയറായിരുന്ന കെയ്ഷ, കോവിഡ് മഹാമാരി, നഗരത്തിലെ ക്രമസമാധാന പ്രശ്നങ്ങൾ, പോലീസ് നടപടികൾക്കെതിരെയുണ്ടായ വംശീയ പ്രതിഷേധങ്ങൾ എന്നിവയെല്ലാം നേരിട്ട പരിചയസമ്പന്നയായ നേതാവാണ്. ജോർജിയയിൽ തുടർച്ചയായി മൂന്നാം തവണയാണ് ഒരു കറുത്തവർഗ്ഗക്കാരി ഡെമോക്രാറ്റിക് പാർട്ടിയുടെ ഗവർണർ സ്ഥാനാർത്ഥിയാകുന്നത്. മുൻപ് 2018, 2022 വർഷങ്ങളിൽ സ്റ്റേസി അബ്രാംസ് മത്സരിച്ചെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ ബ്രയാൻ കെമ്പിനോട് പരാജയപ്പെടുകയായിരുന്നു. നിലവിലെ ഗവർണർ ബ്രയാൻ കെമ്പിന്റെ കാലാവധി അവസാനിക്കുന്നതിനാലാണ് ഇത്തവണ പുതിയ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. 2020-ൽ ജോ ബൈഡൻ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പരിഗണിച്ചവരുടെ പട്ടികയിലും കെയ്ഷ ഉണ്ടായിരുന്നു. പിന്നീട് ബൈഡൻ ഭരണകൂടത്തിൽ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് പബ്ലിക് എൻഗേജ്‌മെന്റ് ഡയറക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ബൈഡൻ ഇവരുടെ സ്ഥാനാർത്ഥിത്വത്തെ പൂർണ്ണമായി പിന്തുണച്ചിരുന്നു.
മറുഭാഗത്ത്, റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ആരാണെന്ന് ഉറപ്പിക്കാൻ ജൂൺ 16-ന് റൺഓഫ് തിരഞ്ഞെടുപ്പ് നടക്കും. ചൊവ്വാഴ്ച നടന്ന പ്രൈമറിയിൽ ലെഫ്റ്റനന്റ് ഗവർണർ ബർട്ട് ജോൺസും ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് റിക്ക് ജാക്സണും മുന്നിലെത്തിയെങ്കിലും ആർക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്തതിനാലാണ് റൺഓഫ് വേണ്ടിവന്നത്. ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ ജോർജിയയിൽ പ്രതിരോധിക്കുമെന്നും, മെഡിക്കെയ്ഡ് ആരോഗ്യ പരിരക്ഷ വ്യാപിപ്പിക്കുമെന്നും, വിദ്യാഭ്യാസ ഫണ്ട് വർദ്ധിപ്പിക്കുമെന്നുമാണ് കെയ്ഷയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനെയും, പിന്നീട് ഡൊണാൾഡ് ട്രംപിനെയും മാറിമാറി പിന്തുണച്ച ജോർജിയ ഒരു ‘സ്വിംഗ് സ്റ്റേറ്റ്’ ആയി നിലനിൽക്കുന്ന സാഹചര്യത്തിൽ, നവംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഇരുപാർട്ടികൾക്കും അതീവ നിർണ്ണായകമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഡെമോക്രാറ്റുകൾക്ക് ഭരണം പിടിക്കാൻ കഴിയാത്ത ജോർജിയയിൽ കെയ്ഷയിലൂടെ ചരിത്രം തിരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി അണികൾ.














