
പാരിസ്: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധവും അതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടതുമാണ് ആഗോള ഇന്ധന വിപണിയെ എത്തിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ നടക്കുന്ന ജി7 രാജ്യങ്ങളിലെ ധനകാര്യ മേധാവിമാരുടെ സുപ്രധാന യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
വിപണിയിലെ കടുത്ത ക്ഷാമം പരിഹരിക്കാനായി രാജ്യങ്ങളുടെ തന്ത്രപരമായ അടിയന്തര എണ്ണ ശേഖരത്തിൽ നിന്നും പ്രതിദിനം 2.5 ദശലക്ഷം ബാരൽ എണ്ണ വിപണിയിൽ എത്തിക്കുന്നുണ്ടെങ്കിലും, ഈ അടിയന്തര ശേഖരം ശാശ്വതമല്ലെന്നും ഏതുനിമിഷവും തീർന്നുപോകാവുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉത്തര അർദ്ധഗോളത്തിൽ കാർഷിക വിളവെടുപ്പ് കാലവും വേനൽക്കാല യാത്രാ സീസണും ആരംഭിക്കാൻ പോവുകയാണ്. ഈ സാഹചര്യത്തിൽ ഡീസൽ, രാസവളങ്ങൾ, വിമാന ഇന്ധനം, പെട്രോൾ എന്നിവയ്ക്കുള്ള ആഗോള ആവശ്യം വൻതോതിൽ വർദ്ധിക്കുമെന്നും ഇത് നിലവിലെ എണ്ണ ശേഖരം കൂടുതൽ വേഗത്തിൽ ശൂന്യമാക്കുമെന്നും ബിറോൾ കൂട്ടിച്ചേർത്തു.
നിലവിലുള്ള വാണിജ്യ എണ്ണ ശേഖരം ഇനി ‘ഏതാനും ആഴ്ചകൾ മാത്രമേ’ മുന്നോട്ട് പോകുകയുള്ളൂ എന്നും, ഇത് വൻതോതിൽ കുറഞ്ഞുവരുന്ന യാഥാർത്ഥ്യം ലോകരാജ്യങ്ങൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ എണ്ണ വിപണിയിലെ കടുത്ത ക്ഷാമവും വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വൻ വിലക്കയറ്റവും നിയന്ത്രിക്കാൻ ജി7 രാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന പ്രധാന ആവശ്യം.














