
ന്യൂയോർക്ക്: ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഒകളിലൊന്നിന് വഴിതുറന്ന് പ്രമുഖ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ഓപ്പൺഎഐ രഹസ്യമായി പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള അപേക്ഷ സമർപ്പിച്ചു. കമ്പനിയുടെ ആദ്യകാല നിക്ഷേപകർക്ക് വലിയ ലാഭമുണ്ടാക്കാൻ പോകുന്ന ഒന്നായിരിക്കും ഈ ഓഹരി വിപണി പ്രവേശം. ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ‘ആന്ത്രോപിക്’ ഐപിഒ പ്രഖ്യാപിച്ചതിനും, സ്പേസ് എക്സിൻ്റെ ഓഹരി വിപണി പ്രവേശനത്തിനും തൊട്ടുപിന്നാലെയാണ് ഓപ്പൺഎഐയുടെയും ഈ നീക്കം.
ഈ മൂന്ന് കമ്പനികളുടെയും ലിസ്റ്റിംഗിലൂടെ കോടിക്കണക്കിന് ഡോളറിന്റെ വിറ്റുവരവാണ് വിപണി പ്രതീക്ഷിക്കുന്നത്. സാധാരണ നിക്ഷേപകർക്ക് മുൻനിര എഐ സ്റ്റാർട്ടപ്പുകളുടെ ഭാഗമാകാനുള്ള അവസരം നൽകുന്നതോടൊപ്പം, എഐ കമ്പനികളോടുള്ള ഓഹരി വിപണിയുടെ താല്പര്യം അളക്കാനുള്ള ഒരു പരീക്ഷണം കൂടിയാവും ഇത്. എന്നാൽ ഐപിഒയുടെ കൃത്യമായ സമയത്തെക്കുറിച്ച് ഓപ്പൺഎഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രഹസ്യ ഫയലിംഗ് ആയതിനാൽ എത്ര ഓഹരികൾ, എന്ത് വിലയ്ക്കാണ് വിൽക്കുക എന്നതിലും വ്യക്തതയില്ല.
“ഒരു സ്വകാര്യ കമ്പനിയായിരുന്ന് ചെയ്യുന്നതാണ് കൂടുതൽ എളുപ്പം എന്ന് കരുതുന്ന ചില കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനുണ്ട്. അതിനാൽ ഐപിഒയ്ക്ക് കുറച്ചുകൂടി സമയമെടുത്തേക്കാം. എങ്കിലും അനുയോജ്യമായ സമയത്ത് വേഗത്തിൽ പൊതുവിപണിയിലേക്ക് പ്രവേശിക്കാനുള്ള ഒരു മുൻകരുതലാണ് ഈ ഫയലിംഗ്,” കമ്പനി തങ്ങളുടെ വാർത്താ പേജിൽ കുറിച്ചു.
എഐ ഇൻഫ്രാസ്ട്രക്ചറിനും കമ്പ്യൂട്ടിംഗ് വിഭവങ്ങൾക്കുമായി കോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്ന ഓപ്പൺഎഐയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വോൾസ്ട്രീറ്റിന് കൃത്യമായ ധാരണ ലഭിക്കാൻ ഈ പൊതുവിപണി പ്രവേശം സഹായിക്കും. സാങ്കേതികവിദ്യാ ഓഹരികളുടെ വില അമിതമായി ഉയരുന്നുണ്ടോ എന്ന ആശങ്കയിൽ കഴിഞ്ഞ ആഴ്ച നിക്ഷേപകർ കൂട്ടത്തോടെ ടെക് ഓഹരികൾ വിറ്റഴിച്ചിരുന്നു.
കഴിഞ്ഞ മാർച്ചിൽ 122 ബില്യൺ ഡോളർ സമാഹരിച്ചതിന് ശേഷം ഓപ്പൺഎഐയുടെ മൂല്യം 852 ബില്യൺ ഡോളറായി നിശ്ചയിച്ചിരുന്നു. എന്നാൽ ഈ മൂല്യത്തിനൊത്ത വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് തെളിയിക്കേണ്ട സമ്മർദ്ദം കമ്പനിക്കുമേലിലുണ്ട്. ചിപ്പുകൾക്കും ഡാറ്റാ സെൻ്ററുകൾക്കുമായി കമ്പനി നടത്തുന്ന വൻ തുകയുടെ ചിലവഴിക്കലുകൾക്ക് യുഎസ് സർക്കാർ പിന്തുണ നൽകണമെന്ന് കഴിഞ്ഞ നവംബറിൽ ഓപ്പൺഎഐ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാറ ഫ്രയർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
തങ്ങളുടെ ജനപ്രിയ ഉൽപ്പന്നമായ ചാറ്റ്ജിപിടിയിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം ഓപ്പൺഎഐ പല വഴികളും നോക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി പ്രതിമാസം 8 ഡോളർ മാത്രം നിരക്കുള്ള കുറഞ്ഞ പ്ലാനും ഒപ്പം പരസ്യങ്ങളും കമ്പനി അവതരിപ്പിച്ചു. കുറഞ്ഞ നിരക്കിലുള്ള പ്ലാൻ വഴി ഈ വർഷം വരിക്കാരുടെ എണ്ണം 122 ദശലക്ഷമായി ഉയരുമെന്നും, 2030 ഓടെ കമ്പനിയുടെ പ്രധാന വരുമാന മാർഗ്ഗം പരസ്യങ്ങളായി മാറുമെന്നും ദി ഇൻഫർമേഷൻ ഏപ്രിലിൽ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങൾ ചാറ്റ്ജിപിടിയിൽ മാത്രം ഒതുങ്ങുന്നവരല്ല എന്ന് തെളിയിക്കാനും ഓപ്പൺഎഐ ശ്രമിക്കുന്നുണ്ട്. ഒരു വെബ് ബ്രൗസർ പുറത്തിറക്കൽ, കൺസ്യൂമർ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾ, കമ്പ്യൂട്ടറിലെ ആപ്പുകൾ നിയന്ത്രിക്കാനും കോഡിംഗ് ചെയ്യാനും സഹായിക്കുന്ന എഐ ഏജന്റ്, കൂടാതെ ആരോഗ്യം, ധനകാര്യം, സർക്കാർ ആവശ്യങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക എഐ ടൂളുകൾ എന്നിവയെല്ലാം കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
അതിനിടെ, ശതകോടീശ്വരൻ ഇലോൺ മസ്ക് ഓപ്പൺഎഐക്കെതിരെ നൽകിയ കേസ് കാലഹരണപ്പെടൽ നിയമം ചൂണ്ടിക്കാട്ടി കോടതി തള്ളിയത് കമ്പനിക്ക് വലിയ ആശ്വാസമായി. കേസ് മസ്കിന് അനുകൂലമായിരുന്നെങ്കിൽ ഐപിഒയ്ക്ക് തൊട്ടുമുമ്പ് ഓപ്പൺഎഐയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് അത് കാരണമാകുമായിരുന്നു അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ മസ്കിന്റെ അഭിഭാഷകൻ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Golden opportunity for investors; OpenAI also enters the stock market after Anthropic















