
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യയാത്ര സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അതിനുള്ള തുക സർക്കാർ ബജറ്റിൽ തന്നെ മാറ്റിവയ്ക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സൗജന്യ യാത്രയുടെ അധിക ബാധ്യത കെഎസ്ആർടിസിക്ക് മേൽ കെട്ടിവയ്ക്കില്ല. സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ സർക്കാർ ആലോചിച്ചുവരികയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയിൽ ഷെഡ്യൂളുകളും ജീവനക്കാരും കുറഞ്ഞിട്ടും ബാധ്യത കുറയാത്ത സാഹചര്യം മുൻപെങ്ങുമില്ലാത്തതാണെന്നും കേന്ദ്ര ഫണ്ടിന്റെ കാര്യത്തിൽ കഴിഞ്ഞ സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജീവനക്കാരുമായി ചർച്ച നടത്തുമെന്നും വിവിധ മേഖലകളിൽ സ്വകാര്യ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നികുതിപ്പണം തെറ്റായ രീതിയിൽ വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഭരണത്തിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈക്കോയും ബെവ്കോയും തമ്മിൽ ലയിപ്പിക്കില്ലെന്നും എന്നാൽ സപ്ലൈക്കോയെ സ്വയംപര്യാപ്തമാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചു. ധവളപത്രം ആരെയും വിരട്ടാനുള്ള ഉമ്മാക്കിയല്ലെന്നും മറിച്ച് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാണെന്നും പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പരിഹസിച്ചു.
കഴിഞ്ഞ മേയ് മാസത്തിൽ ട്രഷറിയിൽ 5000 കോടി രൂപ ഉണ്ടായിരുന്നുവെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം വാസ്തവവിരുദ്ധമാണെന്നും മേയ് 16-ന് കേവലം 2000 കോടി രൂപ മാത്രമാണ് ട്രഷറിയിൽ ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. കിഫ്ബി വഴി വരുത്തിവച്ച ഉയർന്ന പലിശനിരക്കുള്ള കടങ്ങൾ മുഴുവൻ ഇപ്പോൾ പുതിയ സർക്കാരിന്റെ തലയിലാണ് വന്നിരിക്കുന്നത്. ധനകാര്യ വകുപ്പുമായി യാതൊരു ബന്ധവുമില്ലാതെ ഒരു പ്രത്യേക സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചിരുന്നതെന്നും അതിന്റെ പോരായ്മകൾ മുൻ മന്ത്രി ജി. സുധാകരൻ പോലും മനസ്സിലാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മോശം സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കാലഹരണപ്പെട്ട രീതികൾ മാറ്റി പുതിയ നയങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Government to budget funds for free KSRTC travel for women; CM VD Satheesan outlines plans to revive state economy











