‘മുഖ്യമന്ത്രിയുടെ മലപ്പുറം ഹെലികോപ്റ്റ‍ർ യാത്ര വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല’, വാടക ഹെലികോപ്റ്റർ കരാർ പുതുക്കില്ലെന്ന് സർക്കാർ; ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിനായി ചിപ്സൺ ഏവിയേഷനുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് യാത്ര ചെയ്തത് വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നില്ലെന്നും കെ എം ഷാജഹാൻ നൽകിയ ഹർജിയിൽ ഡിജിപി വ്യക്തമാക്കി.

ഹർജി പരിഗണിച്ച ലോകായുക്ത കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരെ സമർപ്പിച്ച മറ്റൊരു ഹർജി ലോകായുക്ത തള്ളി. ഇടത് സർക്കാർ കാലത്ത് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. ആദ്യം പവൻ ഹൻസുമായി കരാർ ഒപ്പിട്ട സർക്കാർ പിന്നീട് ചിപ്സൺ ഏവിയേഷൻ കമ്പനിയുമായി കരാറിലേർപ്പെട്ടു. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയായായിരുന്നു വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക നൽകണമെന്ന വ്യവസ്ഥയുമുണ്ട്.

വാടക ഹെലികോപ്റ്റർ സർക്കാർ ഖജനാവിന് വലിയ ധൂർത്തെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. സർക്കാർ മാറിയ ശേഷവും നേരത്തെ ഹെലികോപ്റ്റർ ഉപയോഗത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി തന്നെ ഹെലികോപ്റ്ററിൽ യാത്ര ചെയ്തതും വിവാദമായിരുന്നു. നിലവിലെ കരാർ കാലാവധി അവസാനിച്ചപ്പോൾ കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ.

More Stories from this section

family-dental
witywide