
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ ചെറു ആണവ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി കേരള സർക്കാർ. അടുത്ത പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ രേഖയിൽ ചെറു മോഡുലാർ റിയാക്ടർ (എസ്എംആർ) സ്ഥാപിക്കാനുള്ള നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പദ്ധതിയാണെങ്കിലും രാജ്യത്ത് ഇതുവരെ എവിടെയും ഇത്തരം ആണവ വൈദ്യുത നിലയം പ്രവർത്തനക്ഷമമായിട്ടില്ല.
കേന്ദ്രസർക്കാർ 2025ലെ ബജറ്റിൽ പ്രഖ്യാപിച്ച ന്യൂക്ലിയർ എനർജി മിഷന്റെ ഭാഗമായാണ് ചെറു ആണവ നിലയ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ സാധ്യതകൾ കേരളത്തിലും പരിശോധിക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാനായിരുന്ന സമയത്ത് ആണവോർജ കോർപ്പറേഷനുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെ അന്നത്തെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
പുതിയ സർക്കാരിന്റെ പരിഗണനയിൽ വീണ്ടും പദ്ധതി
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ചെറു ആണവ നിലയം സ്ഥാപിക്കാനുള്ള നിർദേശം വീണ്ടും സജീവമായത്. 2027-2032 കാലയളവിലെ പഞ്ചവത്സര പദ്ധതിക്കായി ആസൂത്രണ ബോർഡ് തയ്യാറാക്കിയ ‘അപ്രോച്ച് പേപ്പറി’ലെ ഊർജമേഖലയുമായി ബന്ധപ്പെട്ട ഭാഗത്താണ് പദ്ധതി പരാമർശിച്ചിരിക്കുന്നത്. ദീർഘകാലത്തേക്ക് തടസ്സമില്ലാതെ മുഴുവൻ സമയവും വൈദ്യുതി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ വൈദ്യുതി ആവശ്യകതയും പ്രതിസന്ധിയും കണക്കിലെടുത്ത് സംസ്ഥാനത്ത് ചെറു ആണവ നിലയം സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ട്. നവംബർ അഞ്ചിന് ചേർന്ന ആസൂത്രണ ബോർഡ് യോഗം അപ്രോച്ച് പേപ്പറിന് അംഗീകാരം നൽകിയിരുന്നു. ഈ രേഖയുടെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള പഞ്ചവത്സര പദ്ധതി തയ്യാറാക്കുക.
പദ്ധതിക്ക് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്രസർക്കാരാണെങ്കിലും നടപ്പാക്കുന്നതിൽ സംസ്ഥാനത്തിനും നിർണായക ഉത്തരവാദിത്തങ്ങളുണ്ട്. നിലയത്തിനായി സ്ഥലം കണ്ടെത്തി ഏറ്റെടുത്ത് നൽകുക, പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്തുക, വൈദ്യുതി ഗ്രിഡ് സജ്ജമാക്കുക, സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ചുമതലകൾ സംസ്ഥാന സർക്കാരിനായിരിക്കും.














