
ദോഹ: യു.എസ്-ഇസ്രായേൽ തുടങ്ങിവെച്ച ഇറാൻ യുദ്ധം ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ വ്യക്തമാക്കുന്നതിനൊപ്പം, പുതിയ സുരക്ഷാ മാതൃകകൾ രൂപീകരിക്കാൻ അവരെ പ്രേരിപ്പിച്ചതായി മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഗ്ലോബൽ അഫയേഴ്‌സിലെ സീനിയർ ഫെലോ മുഹന്നദ് സലൂം. മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് പകരം സുരക്ഷ ഉറപ്പുനൽകുന്ന നിലവിലെ മാതൃക കടുത്ത യുദ്ധ സാഹചര്യത്തിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.
ഇതേത്തുടർന്ന് ഖത്തർ നാറ്റോയുമായും തുർക്കിയുമായും, കുവൈത്ത് പാകിസ്ഥാനുമായും ഉഭയകക്ഷി പ്രതിരോധ കരാറുകളിലേർപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് മുക്കോണ സുരക്ഷാ സഖ്യവും രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഈ പുതിയ കരാറുകളുടെ പ്രായോഗികത ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് സലൂം കൂട്ടിച്ചേർത്തു.
യുദ്ധം ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വിവിധ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ യുദ്ധം കഠിനമായി ബാധിച്ചപ്പോൾ, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്ക് താരതമ്യേന ആഘാതം കുറവായിരുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. എന്നിരുന്നാലും, യുദ്ധത്തിന്റെ മുൻനിര പോരാട്ടഭൂമിയായി മാറിയ ഗൾഫ് രാജ്യങ്ങൾ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിട്ടതെന്നും സലൂം വ്യക്തമാക്കി.















