വാരാണസി വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ തോക്കിൽ നിന്ന് വെടിപൊട്ടി; രണ്ട് ജീവനക്കാർക്ക് പരുക്ക്, അബദ്ധം പറ്റിയത് എയർ ഇന്ത്യ യാത്രക്കാരന്

വാരാണസി: വാരാണസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്ക്കിടെ യാത്രക്കാരൻ്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്കേറ്റു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരൻ്റെ തോക്കാണ് പരിശോധനയ്ക്കിടെ അബദ്ധത്തിൽ പൊട്ടിയത്. വിമാനത്താവളത്തിലെ സ്ക്രീനർമാരായ ഒരു വനിതയ്ക്കും പുരുഷനുമാണ് പരുക്കേറ്റത്.

ഞായറാഴ്ച രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ യാത്രക്കാരൻ ഭാര്യയോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസിൻ്റെ IX-1810 വിമാനത്തിൽ മുംബൈയിലേക്ക് പോകാനാണ് വിമാനത്താവളത്തിൽ എത്തിയത്. നിയമപ്രകാരം തൻ്റെ കൈവശമുള്ള പിസ്റ്റളും മാഗസിനും ഇയാൾ മുൻകൂട്ടി അധികൃതരെ അറിയിച്ചിരുന്നു.

തുടർന്ന് വിമാനത്താവള ഡയറക്ടർ പുനീത് ഗുപ്തയുടെ സാന്നിധ്യത്തിൽ തോക്കും അതിൻ്റെ രേഖകളും പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. യാത്രക്കാരൻ തന്നെയാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. തറയിൽ തട്ടിത്തെറിച്ച വെടിയുണ്ട സമീപത്തുണ്ടായിരുന്ന ജീവനക്കാരുടെ ദേഹത്ത് കൊള്ളുകയായിരുന്നു. വനിതാ ജീവനക്കാരിയുടെ തുടയ്ക്കും, പുരുഷ ജീവനക്കാരൻ്റെ കൈയ്ക്കുമാണ് പരിക്കേറ്റത്.

പരുക്കേറ്റ ഇരുവരേയും ഉടൻ തന്നെ ന്യൂ ലക്ഷ്മി ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രാദേശിക പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും, സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Passenger’s gun goes off at Varanasi airport; two staff injured

More Stories from this section

family-dental
witywide