
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഉത്തരവ് നടപ്പാക്കുന്നത് സർവകലാശാലയുടെ ഭരണനിർവഹണത്തെയും അച്ചടക്ക സംവിധാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സർവകലാശാലയുടെ വാദം.
വൈസ് ചാൻസലർ സിസ തോമസിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സസ്‌പെൻഷൻ റദ്ദാക്കുകയായിരുന്നു.
സസ്‌പെൻഷനുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും കോടതി റദ്ദാക്കിയിരുന്നു. സിൻഡിക്കേറ്റ് നിയോഗിച്ച സമിതിയുടെ അന്വേഷണം ഏകപക്ഷീയമാണെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കണമെന്നും 10 വിദ്യാർഥികൾക്കായി ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് സർവകലാശാലയുടെ തീരുമാനം. സർവകലാശാലയുടെ പ്രവർത്തനത്തെയും അച്ചടക്കത്തെയും ഉത്തരവ് ബാധിക്കുമെന്നാണ് അപ്പീലിലെ പ്രധാന വാദം. സർവകലാശാല സമർപ്പിച്ച അപ്പീൽ ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.















