ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാജിവെക്കാൻ സിജെപി അനുവദിച്ച 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. രാജിയില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തമായി കൊണ്ടേയിരിക്കുകയാണ്. ഇന്ന് മുതൽ സിപിഐ, സിപിഐഎം, സിപിഐ (ML) ഇടതു പാർട്ടികൾ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും.
മറ്റ് കമ്മിഷണർമാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര തീരുമാനങ്ങളിൽ ഉന്നയിച്ച കടുത്ത വിയോജിപ്പുകൾ പുറത്തുവന്നതിനു പിന്നാലെ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്നും നീക്കാനുള്ള ഇംപീച്ച്‌മെന്റ് നോട്ടിസുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യ കക്ഷികളും രംഗത്തുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് പിന്നാലെ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ ഘടകകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രതിഷേധം ശക്തമാകുമ്പോഴും മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ പൂർണമായും ന്യായീകരിക്കുകയാണ് ബിജെപി.















