ഗ്യാനേഷ് കുമാറിൻ്റെ രാജി: സെപ്റ്റംബർ 30ന് ഇന്ത്യ സഖ്യം യോഗം ചേരും, പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളും ചീഫ് ഇലക്ഷൻ കമ്മിഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സംയുക്ത പ്രക്ഷോഭവും ചർച്ച ചെയ്യാൻ ഇന്ത്യാസഖ്യം സെപ്റ്റംബർ 30ന് യോഗം ചേരുന്നു. SIR നടപടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളായ എസ്.എസ്. സന്ധുവും വിവേക് ജോഷിയും ചില തീരുമാനങ്ങളെ ചോദ്യം ചെയ്തെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യോഗം. കഴിഞ്ഞ രണ്ട് വർഷമായി ബിജെപിക്ക് അനുകൂലമായി ‘വോട്ട് ചോരി’ നടന്നെന്ന ആരോപണത്തെ ഈ വെളിപ്പെടുത്തലുകൾ ശക്തിപ്പെടുത്തുന്നതാണെന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ നിലപാട്. SIR നടപടി പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യം ഒത്തുതീർപ്പില്ലാത്തതാണ് എന്നും മറ്റ് വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നും തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയൻ പറഞ്ഞു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, എം.എ. ബേബി തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ആം ആദ്മി പാർട്ടി, ഡിഎംകെ തുടങ്ങിയ പാർട്ടികളെയും ഉൾപ്പെടുത്തി അടിയന്തര യോഗം ചേരണമെന്ന് സിപിഎമ്മിന്റെ എം.എ. ബേബി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യോഗം തീരുമാനിച്ചത്.

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ഇന്ത്യ സഖ്യകക്ഷികളുമായി ബന്ധപ്പെട്ടു. ഗ്യാനേഷ് കുമാറിനെ “വാനിഷ് കുമാർ” എന്ന് വിശേഷിപ്പിച്ച മമത, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. സെപ്റ്റംബർ 29ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് പിന്നാലെയായിരിക്കും ഇന്ത്യ സഖ്യത്തിന്റെ യോഗം. ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പുതിയ പ്രമേയം സമർപ്പിക്കാനും പ്രതിപക്ഷ പാർട്ടികൾ ആലോചിക്കുന്നുണ്ട്.

SIR വിഷയത്തിൽ ഇന്ത്യ സഖ്യത്തിന് പുറത്തുള്ള ആം ആദ്മി പാർട്ടിയെയും ഡിഎംകെയെയും കൂടി പ്രചാരണത്തിന്റെ ഭാഗമാക്കണമെന്ന അഭിപ്രായം സഖ്യത്തിനുള്ളിൽ ശക്തമാണെന്ന് സിപിഐ-എംഎൽ നേതാവ് ദീപങ്കർ ഭട്ടാചാര്യ പറഞ്ഞു. അതിനിടെ, അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട മണ്ഡലങ്ങളിലെ SIR നടപടിയെക്കുറിച്ച് സിപിഐ-എംഎൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടും പുറത്തുവിട്ടു. 17 മുതൽ 25 ശതമാനം വരെ വോട്ടർമാരെ തെറ്റായി പട്ടികയിൽനിന്ന് നീക്കിയതായി കണ്ടെത്തിയെന്നാണ് പാർട്ടിയുടെ അവകാശവാദം.

വിഷയത്തിൽ വിവിധ യുവസംഘടനകൾ ഇതിനകം പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യ സഖ്യയോഗത്തിന് പ്രാധാന്യം വർധിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള അന്ത്യശാസനം ശനിയാഴ്ച അവസാനിച്ചതിന് പിന്നാലെ ഒക്ടോബർ 2 മുതൽ മുംബൈയിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) ആവർത്തിച്ചു. മുംബൈയിലെ ആസാദ് മൈതാനായിരിക്കും പ്രതിഷേധ വേദിയാകാൻ സാധ്യത.

Gyanesh Kumar’s resignation: INDIA bloc to meet on September 30; opposition plans to intensify protests.

More Stories from this section

family-dental
witywide