
ന്യൂഡൽഹി/ബെംഗളൂരു: രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ നിശ്ചിത പരിധിയിലധികം എഥനോൾ കലർത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച ഇന്ധന സാമ്പിളുകളുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും പ്രമുഖ എണ്ണക്കമ്പനികൾക്കും എതിരെ രംഗത്തെത്തിയത്. എന്നാൽ പരിശോധനാ രീതി ശാസ്ത്രീയമല്ലെന്ന് വ്യക്തമാക്കി എണ്ണക്കമ്പനികൾ ആരോപണം പൂർണ്ണമായി നിഷേധിച്ചു.
കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത പദ്ധതിയെ ശക്തമായ ഭാഷയിലാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. “ഇ20 ഇപ്പോൾ 420 ആയി മാറിയിരിക്കുന്നു. ജനങ്ങളുടെ കാറുകളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുകയാണ് കമ്പനികൾ ചെയ്യുന്നത്,” എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. 20 ശതമാനം എഥനോൾ ചേർക്കാൻ അനുമതിയുള്ള ഇ20 പെട്രോളിൽ 30 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മറുപടി നൽകണമെന്നും, അമിതമായി എഥനോൾ കലർത്തുന്ന കമ്പനികൾക്കെതിരെ എപ്പോൾ നടപടിയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം നയങ്ങളിലൂടെ കേന്ദ്രം ആരെയാണ് സഹായിക്കുന്നതെന്ന കാര്യത്തിൽ സംവാദത്തിന് തയ്യാറാണോയെന്നും രാഹുൽ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.
കർണാടക സർക്കാരും എണ്ണക്കമ്പനികളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബെംഗളൂരു, കോലാർ, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നീ ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച 14 സാമ്പിളുകളിൽ 11 എണ്ണത്തിലും 20 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയതായി കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവിലെ എൻഎബിഎൽ അംഗീകൃത ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സ്വതന്ത്ര പരിശോധനയിലാണ് ലംഘനം കണ്ടെത്തിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ സാമ്പിളുകളിൽ യഥാക്രമം 31.2%, 30.5% എന്നിങ്ങനെയാണ് എഥനോളിന്റെ അളവ് രേഖപ്പെടുത്തിയത്. ഭാരത് പെട്രോളിയം, നയാര എനർജി, ഷെൽ എന്നീ കമ്പനികളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എണ്ണക്കമ്പനികളുടെ സ്വന്തം ലാബുകൾ ഇന്ധനത്തിലെ എഥനോളിന്റെ കൃത്യമായ അളവ് വെളിപ്പെടുത്താൻ തയ്യാറാകാത്തതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ സ്വതന്ത്ര പരിശോധന നടത്തിയത്.
സംസ്ഥാന സർക്കാരിന്റെയും രാഹുൽ ഗാന്ധിയുടെയും അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ് പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ സംയുക്ത പ്രസ്താവനയിറക്കി. രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണെന്ന് കമ്പനികൾ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ഒക്ടോബറിൽ നടത്തിയ സാമ്പിൾ ശേഖരണത്തിൽ കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പരിശോധനാ ഫലങ്ങൾ സ്വതന്ത്രമായി സാക്ഷ്യപ്പെടുത്താൻ കഴിയില്ലെന്നും കമ്പനികൾ അറിയിച്ചു. അമിത എഥനോൾ കാരണം രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ മൈലേജ് നഷ്ടവും വാഹന കേടുപാടുകളും ഉണ്ടാകുന്നു എന്ന വാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതാണെന്നും ഒഎംസികൾ വ്യക്തമാക്കി. സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ അംഗീകൃത ലാബിൽ വീണ്ടും സാമ്പിൾ പരിശോധന നടത്താൻ അനുവദിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം.
ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്ന എഥനോൾ മിശ്രിത പദ്ധതി, പുതിയ വിവാദത്തോടെ ഗുണനിലവാരത്തിന്റെയും ഉപഭോക്തൃ സംരക്ഷണത്തിന്റെയും പേരിൽ രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Not petrol, but a blatant lie! ‘E20’ has now become ‘420’ — Rahul Gandhi levels a sharp accusation against Modi.













