കാനഡയിൽ വാടകക്കാരനുമായുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ വംശജയായ വീട്ടുടമ അറസ്റ്റിൽ. ബാർബിക്യൂ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് നിരവധി ഏറ്റുമുട്ടലുകളിലേക്ക് വഴിമാറിയത്. സംഭവങ്ങളുടെ ദൃശ്യങ്ങൾ വാടകക്കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വ്യാപകമായി ശ്രദ്ധ നേടിയത്.
രാജ് തിവാന എന്ന ഇന്ത്യൻ വംശജയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ‘Tiwana Farm Survivor’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വാടകക്കാരൻ സംഭവങ്ങളുടെ വീഡിയോകൾ പങ്കുവച്ചത്. അനുമതിയില്ലാതെ തന്റെ വീട്ടിൽ പ്രവേശിച്ചെന്നും ഗ്രില്ലിൽ പാകം ചെയ്തിരുന്ന ഭക്ഷണം നീക്കം ചെയ്തെന്നും പിന്നീട് വാടകവീട്ടിലേക്കുള്ള തന്റെ പ്രവേശനത്തിലും ഇടപെട്ടെന്നും ഇയാൾ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിന് വലിയ ശ്രദ്ധ ലഭിച്ചു. തർക്കത്തിനിടെ ഇരുവരും തമ്മിലുള്ള വാക്കേറ്റങ്ങളും പിന്നീട് നടന്ന പൊലീസ് നടപടിയുമെല്ലാം വീഡിയോകളിൽ കാണാം.
കാനഡയിലെ സറേയിൽ വീട്ടുടമയിൽ നിന്ന് തനിക്ക് നിരന്തരമായ പീഡനം നേരിട്ടെന്നായിരുന്നു വാടകക്കാരന്റെ ആരോപണം. പിന്നീട് പങ്കുവച്ച ഒരു വീഡിയോയിൽ പൊലീസ് തിവാനയുടെ വീട്ടിലെത്തുന്നതും അവരെ അറസ്റ്റ് ചെയ്യുന്നതായി അറിയിക്കുന്നതും കാണാം. ആശയക്കുഴപ്പത്തിലായതായി തോന്നുന്ന തിവാന, കൈവിലങ്ങിടുന്നതിന് മുമ്പ് മകളെ വിളിക്കാമോ എന്ന് പൊലീസിനോട് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് പൊലീസ് അവരെ വാഹനത്തിലേക്ക് കൊണ്ടുപോയി. എന്നാൽ തിവാനയ്ക്കെതിരെ ചുമത്തിയ കൃത്യമായ കുറ്റങ്ങളും അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
തോട്ടത്തിൽ സുഹൃത്തിനൊപ്പം ബാർബിക്യൂവിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തർക്കം ആരംഭിച്ചതെന്ന് വാടകക്കാരൻ പറഞ്ഞു. തന്റെ സ്ഥലത്ത് ബാർബിക്യൂ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് തിവാന എതിർപ്പ് പ്രകടിപ്പിച്ചതായാണ് ആരോപണം. വാടകക്കാരൻ പങ്കുവച്ച ഒരു വീഡിയോയിൽ ചുമരിലെ തവിട്ടുനിറത്തിലുള്ള പാടുകളിലേക്ക് തിവാന വിരൽചൂണ്ടുന്നത് കാണാം. വസ്തുവകയ്ക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയാണ് അവർ പ്രകടിപ്പിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തനിക്ക് വാടക നൽകുന്നതിനാൽ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം കഴിക്കാനുള്ള അവകാശമുണ്ടെന്ന് 50 വയസ്സുകാരനായ വാടകക്കാരൻ പറഞ്ഞു. സുഹൃത്താണ് സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
ഇതോടെ വാക്കേറ്റം രൂക്ഷമായി. സംഭവങ്ങൾ പകർത്തുകയായിരുന്ന വാടകക്കാരന്റെ സുഹൃത്തിന്റെ സാന്നിധ്യത്തെയും തിവാന എതിർത്തു. ചുമരിലെ പാടുകൾ തുരുമ്പിന്റേതാണെന്ന് വാടകക്കാരൻ പറഞ്ഞപ്പോൾ, തന്റെ വസ്തുവകയ്ക്ക് തീയിടാൻ ശ്രമിക്കുകയാണെന്ന് തിവാന ആരോപിച്ചതായും റിപ്പോർട്ടുണ്ട്. ബാർബിക്യൂ ചെയ്യണമെങ്കിൽ സുഹൃത്തിന്റെ വീട്ടിൽ പോയി ചെയ്യാമെന്നും അവർ പറഞ്ഞതായി വാടകക്കാരൻ ആരോപിച്ചു.അതേ ദിവസം പകർത്തിയ മറ്റൊരു വീഡിയോയിൽ വാടകക്കാരനും സുഹൃത്തും ഭക്ഷണം തയ്യാറാക്കുന്നതിനിടെ തിവാന ഗ്രില്ലിൽ നിന്ന് ഭക്ഷണം നീക്കം ചെയ്യുന്നതും കാണാം. തങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വാടകക്കാരൻ ഇതിനെ എതിർത്തു.
റിപ്പോർട്ടുകൾ പ്രകാരം തിവാന ഒരു മരക്കഷണം ഉപയോഗിച്ച് ഭക്ഷണം ബാർബിക്യൂവിൽ നിന്ന് തള്ളിമാറ്റുകയും തന്റെ സ്ഥലത്ത് ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കില്ലെന്നും പൊലീസിനെ വിളിക്കുമെന്നും പറയുകയും ചെയ്തു.ബാർബിക്യൂ ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കം പിന്നീട് വീട്ടുടമയും വാടകക്കാരനും തമ്മിലുള്ള വലിയ തർക്കമായി മാറുകയായിരുന്നു. തുടർന്ന് വാടകക്കാരൻ നിരവധി വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.സംഭവം ഒറ്റപ്പെട്ടതല്ലെന്നും വാടകവീടിന്റെ ഉപയോഗത്തിൽ തിവാന നിരന്തരം ഇടപെട്ടിരുന്നെന്നും വാടകക്കാരൻ ആരോപിച്ചു.
മറ്റൊരു വീഡിയോയിൽ തിവാന വാടകക്കാരന്റെ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതായി കാണാം. വാടകക്കാരന്റെ ദിശയിലേക്ക് കല്ലുകൾ എറിയുന്നതായും പിന്നീട് ശാരീരികമായ ഏറ്റുമുട്ടൽ നടക്കുന്നതായും ദൃശ്യങ്ങളിൽ കാണുന്നതായി റിപ്പോർട്ടുണ്ട്. തന്റെ യൂണിറ്റിൽ നിന്ന് പുറത്തുപോകാൻ വാടകക്കാരൻ തിവാനയോട് ആവർത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. മറ്റൊരു ക്ലിപ്പിൽ മേശപ്പുറത്തുണ്ടായിരുന്ന ഒരു പാത്രം എടുത്ത് വാടകക്കാരന്റെ സുഹൃത്തിനെ അടിക്കുന്നതായി തോന്നുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
വാടകവീട്ടിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയതായും വാടകക്കാരൻ ആരോപിച്ചു. താൻ വീട്ടിലില്ലാത്ത സമയത്ത് തിവാന വീട്ടിൽ പ്രവേശിക്കുകയും പിന്നീട് പൂട്ടുകൾ മാറ്റുകയും ചെയ്തെന്നാണ് ആരോപണം. ഓഗസ്റ്റ് 15 വരെ വാടക അടച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. വാടകവീടിന്റെ പ്രവേശന കവാടത്തിൽ വാതിൽ ഇല്ലാതാക്കിയെന്നും ഇയാൾ ആരോപിച്ചു. മൂന്നാം തവണയാണ് വസ്തുവിൽ അതിക്രമിച്ച് കയറിയതെന്നും വാതിൽ പൂർണമായും നീക്കം ചെയ്തതായും മറ്റൊരു വീഡിയോയിൽ വാടകക്കാരൻ പറയുന്നതായി റിപ്പോർട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടുമില്ല.
An Indian-origin woman in Canada was arrested after a dispute with her tenant over a barbecue escalated into a series of confrontations at a rental property.












