ട്രംപിൻ്റെ വിസ നയം തിരിച്ചടിയായി? അമേരിക്കൻ ക്യാമ്പസുകളിൽ ഇന്ത്യൻ സാന്നിധ്യം കുറയുന്നു; വിദ്യാർത്ഥികളുടെ എണ്ണത്തിൽ 29 മാസത്തെ ഏറ്റവും വലിയ ഇടിവ്

ന്യൂഡൽഹി: കർശനമായ വിസ നിയമങ്ങളും കടുത്ത കുടിയേറ്റ നയങ്ങളും കാരണം ഉപരിപഠനത്തിനായുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്ന അമേരിക്കയോടുള്ള താല്പര്യം കുത്തനെ കുറയുന്നു. യു.എസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ 29 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി യു.എസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർച്ചയായി പത്തു മാസങ്ങളായി വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.

ജൂലൈ മാസത്തെ കണക്കനുസരിച്ച് നിലവിൽ 3,38,230 ഇന്ത്യൻ വിദ്യാർത്ഥികളാണ് യു.എസിലുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആകെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 8.6 ശതമാനത്തിൻ്റെ കുറവുണ്ടായി. ബിരുദാനന്തര ബിരുദ പഠനത്തിന് പോയവരുടെ എണ്ണത്തിൽ 11.3 ശതമാനത്തിൻ്റെ വലിയ കുറവുണ്ടായി (നിലവിൽ 2,66,104 പേർ). ബാച്ചിലേഴ്സ് ബിരുദ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഇടിവുണ്ട്. അതേസമയം, ഡോക്ടറൽ ബിരുദ പഠനത്തിനായി അമേരിക്ക തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്.

ഡോണൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കിയ കർശനമായ വിസ നിയന്ത്രണങ്ങളും, പഠനത്തിന് ശേഷമുള്ള തൊഴിൽ നയങ്ങളിലെ മാറ്റങ്ങളുമാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നത്. ഇതിനുപുറമേ വിസ ലഭിക്കുന്നതിലെ കടുത്ത കാലതാമസവും, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കാരണം പഠനച്ചെലവുകൾ കുത്തനെ ഉയർന്നതും വലിയ തിരിച്ചടിയായി. 15-നും 28-നും ഇടയിൽ പ്രായമുള്ള ആയിരത്തിലധികം ഇന്ത്യൻ യുവാക്കൾക്കിടയിൽ നടത്തിയ സർവേയിൽ 40 ശതമാനത്തിലധികം പേരും അമേരിക്കയോടുള്ള താല്പര്യം കുറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.

സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ആദ്യ ചോയ്സ് യു.എസ് ആയിരുന്നെങ്കിലും ഇപ്പോഴത്തെ വിസ പ്രതിസന്ധികൾ കാരണം അവർ മറ്റ് വിദേശ രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതായി വിദ്യാഭ്യാസ വായ്പാ രംഗത്തെ പ്രമുഖരായ ‘പ്രൊഡിജി ഫിനാൻസ്’ വ്യക്തമാക്കുന്നു. പുതിയ വിസ നയങ്ങൾ കാരണം വരും മാസങ്ങളിൽ അമേരിക്കൻ സർവ്വകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1,11,000 വരെയുള്ള വൻ കുറവ് ഉണ്ടായേക്കാമെന്നാണ് രാജ്യാന്തര വിദ്യാഭ്യാസ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Have Indian students given up on America? Indian presence in America at 29-month low

More Stories from this section

family-dental
witywide