ന്യൂഡൽഹി: കനത്ത മഴയും ഇടിമിന്നലും ശക്തമായതിനെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. തിങ്കളാഴ്ചയാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് മാറ്റിയത്.
വഴിതിരിച്ചുവിട്ട 15 വിമാനങ്ങളിൽ 12 എണ്ണം ജയ്പൂരിലേക്കും രണ്ട് എണ്ണം ചണ്ഡിഗഢിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. ജയ്പൂരിലേക്ക് തിരിച്ചുവിട്ട 12 വിമാനങ്ങളിൽ മൂന്നെണ്ണം അന്താരാഷ്ട്ര സർവീസുകളായിരുന്നു.
ഡൽഹിയിൽ കനത്ത മഴ മുന്നറിയിപ്പ്
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ മറ്റ് ജില്ലകളിൽ മിതമായ മഴയ്ക്ക് യെല്ലോ അലർട്ടും നൽകിയിരുന്നു. സൗത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ഷഹ്ദര, സെൻട്രൽ ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി, സൗത്ത് വെസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഡൽഹി എന്നിവിടങ്ങളിൽ പകൽ സമയത്ത് ശക്തമായ മഴ ലഭിച്ചു.കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
എന്നാൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥ പൊതുവെ വരണ്ട നിലയിലേക്ക് മാറുമെന്നാണ് പ്രവചനം. ആഴ്ചയുടെ ഭൂരിഭാഗം ദിവസങ്ങളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) വിലയിരുത്തൽ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വളരെ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ചിലയിടങ്ങളിൽ നേരിയതോ വളരെ നേരിയതോ ആയ മഴ ലഭിച്ചേക്കും. ഉച്ചയ്ക്കുശേഷം വൈകുന്നേരം വരെ പല സ്ഥലങ്ങളിലും നേരിയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയില്ലെന്നും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കുമെന്നും IMD അറിയിച്ചു. അതേസമയം, തിങ്കളാഴ്ച ഉച്ചയ്ക്ക് കുറഞ്ഞത് 2 മണിവരെ ഗാസിയാബാദിൽ യെല്ലോ അലർട്ടും നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
15 flights diverted from Delhi airport as city hit by heavy rain, thunderstorm












