യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യയുടെ കനത്ത വ്യോമാക്രമണം, കുട്ടികളുടെ ആശുപത്രി തകർത്തു, അഞ്ച് മരണം, ജനവാസ മേഖലകൾക്കും നേരെ മിസൈൽമഴ

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും റഷ്യ നടത്തിയ കനത്ത മിസൈലാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ സൈന്യത്തിൻ്റെ വ്യോമാക്രമണം. ആക്രമണത്തിൽ കുട്ടികളുടെ ആശുപത്രി ഉൾപ്പെടെയുള്ള നിരവധി കെട്ടിടങ്ങൾ തകരുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

രാത്രിയിലുണ്ടായ കനത്ത ബോംബിങ്ങിൽ ഒരു കുട്ടികളുടെ ആശുപത്രിയുടെ ജനൽച്ചില്ലുകൾ പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾ കത്തിയമരുകയും ചെയ്തതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. തെക്കുപടിഞ്ഞാറൻ കീവിലെ സോളമിയാൻസ്കിയിലുള്ള വ്യവസായ കേന്ദ്രത്തിന് നേരെയും മിസൈൽ പതനമുണ്ടായി. കീവ് മേഖലയുടെ ഭാഗമായ ബ്രോവറി ജില്ലയിലുണ്ടായ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് ഗവർണർ തിമൂർ ത്കാചെങ്കോ വ്യക്തമാക്കി.

ആക്രമണത്തിൽ വൈദ്യുതി വിതരണ ശൃംഖലകൾ തകർന്നതോടെ കീവ് നഗരത്തിൻ്റെ വലിയൊരു ഭാഗം പൂർണ്ണമായും ഇരുട്ടിലായി. പതിനായിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധമാണ് ഒറ്റ രാത്രികൊണ്ട് വിച്ഛേദിക്കപ്പെട്ടത്. തകരാറിലായ പവർ ഗ്രിഡുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദഗ്ധർ. കഴിഞ്ഞ ഏതാനും ആഴ്ചകളായി കീവിന് നേരെ റഷ്യ രാത്രികാല ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

തിരിച്ചടിച്ച് ഉക്രെയ്ൻ; റഷ്യയിലും മരണം

അതിനിടെ, റഷ്യൻ അതിർത്തിക്കുള്ളിലേക്ക് യുക്രെയ്ൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളും ശക്തമായി തുടരുകയാണ്. ഈ ആഴ്ച റഷ്യയിലുണ്ടായ രണ്ട് യുക്രേനിയൻ ആക്രമണങ്ങളിൽ ഒരു കുട്ടിയുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുക്രെയ്ൻ്റെ ശക്തമായ തിരിച്ചടി, നാലര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകാൻ മോസ്കോയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തിലൂടെ യുക്രെയ്ൻ്റെ അഞ്ചിലൊന്ന് ഭാഗവും (പ്രത്യേകിച്ച് കിഴക്കൻ അതിർത്തികൾ) നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്.

Heavy Russian airstrikes in Ukraine capital, children’s hospital destroyed, five dead, missiles rained down on residential areas

More Stories from this section

family-dental
witywide