
കീവ്: യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിൻ്റെ വിതരണ ശൃംഖലകൾ പൂർണ്ണമായും തകർക്കാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഡ്രോണുകളുമായി യുക്രെയ്ൻ. റഷ്യൻ സൈനികർക്ക് ആവശ്യമായ ഭക്ഷണം, ഇന്ധനം, മാരകായുധങ്ങൾ എന്നിവ എത്തിക്കുന്ന സുപ്രധാന വാഹനവ്യൂഹങ്ങളെ ലക്ഷ്യമിട്ടാണ് ഉക്രെയ്ൻ സൈന്യം എഐ സാങ്കേതികവിദ്യയുള്ള ഡ്രോണുകൾ വ്യാപകമായി വിന്യസിച്ചിരിക്കുന്നത്. യുദ്ധ മുന്നണിയിൽ നിന്നും 20 കിലോമീറ്റർ മുതൽ 160 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രുതാവളങ്ങളിലേക്ക് വരെ പറന്നുചെന്ന് ആക്രമണം നടത്താൻ ഈ ഡ്രോണുകൾക്ക് സാധിക്കും.
യുക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിലൂടെയും ക്രിമിയയിലേക്കും പോകുന്ന പ്രധാന പാതകളിലെ കണ്ടെയ്നർ ലോറികളും സൈനിക ട്രക്കുകളുമാണ് ഇപ്പോൾ പ്രധാനമായും ആക്രമിക്കപ്പെടുന്നത്.
യുക്രെയ്ൻ വികസിപ്പിച്ചെടുത്ത ‘ഹോർനെറ്റ്’ ഉൾപ്പെടെയുള്ള എഐ ഡ്രോൺ സംവിധാനങ്ങളാണ് ഈ ദൗത്യത്തിന് പിന്നിൽ. മുൻവർഷങ്ങളിലെ യുദ്ധരംഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മണിക്കൂർ ദൈർഘ്യമുള്ള റഷ്യൻ സൈനിക വാഹനങ്ങളുടെ വീഡിയോകൾ വിശകലനം ചെയ്താണ് ഈ എഐ അൽഗോരിതം പരിശീലിപ്പിച്ചിരിക്കുന്നത്. മനുഷ്യസഹായമില്ലാതെ തന്നെ റഷ്യൻ സൈനിക വാഹനങ്ങളെ തത്സമയം കൃത്യമായി തിരിച്ചറിയാനും അവയെ പിന്തുടർന്ന് നശിപ്പിക്കാനും ഈ ഡ്രോണുകൾക്ക് സാധിക്കും. റഷ്യൻ സൈന്യത്തിൻ്റെ ശക്തമായ ഇലക്ട്രോണിക് സിഗ്നൽ ജാമിംഗുകളെപ്പോലും പ്രതിരോധിച്ച് സ്റ്റാർലിങ്ക് സാറ്റലൈറ്റ് സംവിധാനത്തിൻ്റെ സഹായത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.
യുക്രെയ്നിലെ 412-ാം നെമെസിസ് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ഡ്രോൺ വേട്ട റഷ്യൻ സൈന്യത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആക്രമണ ഭീഷണിയെത്തുടർന്ന് മരിയുപോൾ, മെലിറ്റോപോൾ, ക്രിമിയ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിൽ റഷ്യൻ അധികൃതർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. ഡ്രോണുകളിൽ നിന്ന് രക്ഷപ്പെടാൻ വലിയ വാഹനവ്യൂഹങ്ങൾക്ക് പകരം ചെറിയ ഗ്രൂപ്പുകളായാണ് റഷ്യ ഇപ്പോൾ സാധനങ്ങൾ എത്തിക്കുന്നത്. കൂടാതെ പ്രധാന ഹൈവേകൾ ഒഴിവാക്കി കാട്ടുപാതകളിലൂടെയും മൺറോഡുകളിലൂടെയും സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഏത് ഭൂപ്രകൃതിയിലും വാഹനങ്ങളെ കണ്ടെത്താൻ ശേഷിയുള്ള എഐ ഡ്രോണുകൾക്ക് മുന്നിൽ റഷ്യൻ തന്ത്രങ്ങൾ പരാജയപ്പെടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയ സൈനിക സന്നാഹങ്ങളില്ലാതെ തന്നെ റഷ്യയുടെ വിതരണ ശൃംഖല തകർക്കാൻ സാധിക്കുന്നത് യുദ്ധത്തിൽ യുക്രെയ്ന് വലിയ മേൽക്കൈ നൽകുന്നുണ്ട്.
Ukraine’s ‘AI army’ to destroy the enemy; Artificial intelligence drones to destroy Russian military convoys














