ന്യൂഡൽഹി: റഷ്യയും യുക്രെയ്നും തമ്മിലുള്ള നാലുവർഷത്തോളമായ യുദ്ധം അവസാനിക്കണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗ്രഹമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ പങ്കെടുക്കുന്ന ഉച്ചകോടി സംബന്ധിച്ച ചർച്ചകൾക്കിടെയാണ് റൂബിയോയുടെ പ്രതികരണം. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് നേതാക്കളും പങ്കെടുക്കുന്ന കൂടിക്കാഴ്ചയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും റൂബിയോ വ്യക്തമാക്കി. ഒരു കൂടിക്കാഴ്ചയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അത് അന്തിമമായോ എന്ന് എനിക്കറിയില്ല. എന്നാൽ യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിക്കണമെന്നാണ് പ്രസിഡന്റിന്റെ നിലപാട് എന്നും റൂബിയോ പറഞ്ഞു.
അതേസമയം, യുക്രെയ്നിലെ സൈനിക-വ്യവസായ കേന്ദ്രങ്ങൾ, ക്രൂസ് മിസൈലുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്കുനേരെ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അമേരിക്കയും മധ്യേഷ്യയിലെ അഞ്ച് രാജ്യങ്ങളും ഉൾപ്പെടുന്ന സി5+1 കൂട്ടായ്മയിലെ പ്രതിനിധികളുമായി ചർച്ച നടത്താനാണ് റൂബിയോ ഉസ്ബെക്കിസ്ഥാനിലെത്തിയത്. കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് കൂട്ടായ്മയിലെ രാജ്യങ്ങൾ.
മധ്യേഷ്യയുമായും ദക്ഷിണേഷ്യയുമായും സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ സന്ദർശനത്തിന്റെ ഭാഗമായി റൂബിയോ ഇന്ത്യയിലുമെത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒമ്പതിന് ട്രംപും പുടിനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ട്രംപിനെയും ഷി ജിൻപിങ്ങിനെയും ഉൾപ്പെടുത്തി ത്രികക്ഷി ഉച്ചകോടി നടത്താനുള്ള നിർദേശം പുടിൻ മുന്നോട്ടുവച്ചതെന്ന് ദ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
നിർദിഷ്ട കൂടിക്കാഴ്ചയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്ക് പങ്കുണ്ടാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്നെ ചർച്ചകളിൽനിന്ന് ഒഴിവാക്കുന്നത് കീവിലും വാഷിങ്ടണിന്റെ യൂറോപ്യൻ സഖ്യകക്ഷികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. യുദ്ധപരിഹാരം റഷ്യയ്ക്ക് അനുകൂലമാക്കാൻ മോസ്കോ ഈ നീക്കം ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
‘He’d like the war to end’: Rubio reiterates Trump’s push amid Putin’s summit plan










