‘മുഖ്യമന്ത്രിക്കെതിരെ ഒരാൾ തുടർച്ചയായ വിമർശനം നടത്തുന്നതിന് പിന്നിൽ മറ്റാരോ ഉണ്ട്’, അടൂർ പ്രകാശിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം

മുഖ്യമന്ത്രിക്കെതിരെയുള്ള യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ തുടർച്ചയായ വിമർശനങ്ങൾക്ക് പിന്നിൽ മറ്റാരുടെയെങ്കിലും ഗൂഢാലോചനയുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിരന്തരം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമർശനങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ ചിലരുണ്ടെന്നും എന്നാൽ അത് ആരയാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിച്ചു. മാസപ്പടി കേസിലെ സർക്കാർ സമീപനത്തെയും തീരുമാനങ്ങളെയും ചൊല്ലി കോൺഗ്രസിനുള്ളിൽ ചേരിപ്പോര് കനക്കുന്നതിനിടയിലാണ് കെ. മുരളീധരന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്.

സർക്കാരിന്റെ പ്രധാന തീരുമാനങ്ങളിലൊന്നും മുഖ്യമന്ത്രി കൂടിയാലോചിക്കുന്നില്ലെന്നാരോപിച്ച് അടൂർ പ്രകാശ് പരസ്യമായി രംഗത്തെത്തിയത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. എ.ഐ.സി.സി അധ്യക്ഷന് പരാതി നൽകിയിട്ടും വിമർശനങ്ങൾ ആവർത്തിക്കുന്ന അടൂർ പ്രകാശിനെ പുകച്ചുപുറത്താക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാത്യു കുഴൽനാടന്റെയും അടൂർ പ്രകാശിന്റെയും പരസ്യ വിമർശനങ്ങൾ ആസൂത്രിതമാണെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ ശക്തമായ ആരോപണം. ഉമ്മൻചാണ്ടി വികാരം ആളിക്കത്തിക്കുന്നതിന് പിന്നിൽ ചില പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നും ഇവർ സംശയിക്കുന്നു.

എന്നാൽ ഒന്നും മറക്കാനാവില്ലെന്ന് വ്യക്തമാക്കി എതിർചേരി കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ വെച്ച് ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ മാസപ്പടി കേസിൽ ഡിവിഷൻ ബെഞ്ചിലെ അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് നിരാശാജനകമാണെന്ന് വ്യക്തമാക്കി കെ.കെ. രമ എം.എൽ.എയും രംഗത്തെത്തി. മുൻ സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള യു.ഡി.എഫിന്റെ പൊതുനിലപാടിന് ഇത് മങ്ങലേൽപ്പിച്ചെന്നും, വിമർശനങ്ങളെ സർക്കാർ സദുദ്ദേശ്യപരമായി കാണുമെന്നാണ് പ്രതീക്ഷയെന്നും അവർ അഭിപ്രായപ്പെട്ടു. പാർട്ടിയിലെ ഈ തുറന്ന പോരുകൾ കോൺഗ്രസിനും മുന്നണിക്കും വലിയ തലവേദനയായിരിക്കുകയാണ്.

K. Muralidharan Slams Adoor Prakash Over Criticism Against Chief Minister; Factional Feud Intensifies Within Congress Over Masappady Case

Also Read

More Stories from this section

family-dental
witywide