കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിൽ നടന്ന 2026ലെ തദ്ദേശതിരഞ്ഞെടുപ്പിൽ രണ്ട് ഇന്ത്യൻ വംശജർ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫെർണി നഗരത്തിൽ ഹർഷൻ രാമദാസും വില്യംസ് ലേക്കിൽ സുരീന്ദർപാൽ റാത്തോറുമാണ് വിജയിച്ചത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മേയർമാർ, മുനിസിപ്പൽ കൗൺസിലർമാർ, പ്രാദേശിക ഭരണസമിതി അംഗങ്ങൾ, സ്കൂൾ ബോർഡ് ട്രസ്റ്റിമാർ എന്നിവരെയാണ് ജനങ്ങൾ തിരഞ്ഞെടുത്തത്. വാൻകൂവൻ, കൾട്ടസ് ലേക്ക് എന്നിവിടങ്ങളിലെ പാർക്ക് ബോർഡുകളിലേക്കും ഐലൻഡ്സ് ട്രസ്റ്റിലേക്കും തിരഞ്ഞെടുപ്പ് നടന്നു.
ഇന്ത്യയിൽ ജനിച്ച ഹർഷൻ രാമദാസ്, നിലവിലെ കൗൺസിലറായ കൈൽ ഹാമിൽട്ടണെ പരാജയപ്പെടുത്തിയാണ് ഫെർണിയുടെ പുതിയ മേയറായത്. രാമദാസിന് 1,524 വോട്ടുകൾ ലഭിച്ചപ്പോൾ ഹാമിൽട്ടണിന് 1,194 വോട്ടുകളാണ് ലഭിച്ചത്. 54.5 ശതമാനം വോട്ടും രാമദാസ് നേടി.സഹകരണം, ഉത്തരവാദിത്തം, നഗരത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന എന്നിവയ്ക്കാണ് ജനങ്ങൾ പിന്തുണ നൽകിയതെന്നും പുതിയ കൗൺസിലിനും നഗരവാസികൾക്കുമൊപ്പം പ്രവർത്തിച്ച് തന്റെ പദ്ധതികൾ നടപ്പാക്കുമെന്നും രാമദാസ് വ്യക്തമാക്കി. തന്നിൽ വിശ്വാസമർപ്പിച്ച വോട്ടർമാർക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.
വില്യംസ് ലേക്കിൽ ഇന്ത്യൻ വംശജനായ സുരീന്ദർപാൽ റാത്തോർ വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. റാത്തോറിന് 2,116 വോട്ടുകൾ ലഭിച്ചു. എതിരാളിയായ വാൾട്ട് കോബിനെ ആയിരത്തിലധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തുടർച്ചയായി പിന്തുണ നൽകിയ നഗരവാസികൾക്കും ഭാര്യയ്ക്കും കുടുംബത്തിനും തിരഞ്ഞെടുപ്പ് പ്രചാരണസംഘത്തിനും അദ്ദേഹം നന്ദി പറഞ്ഞു. വിജയത്തിൽ അഭിമാനമുണ്ടെന്നും സമൂഹത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും റാത്തോർ വ്യക്തമാക്കി.
2014ലും 2018ലും മേയർ തിരഞ്ഞെടുപ്പിൽ കോബിനോട് റാത്തോർ പരാജയപ്പെട്ടിരുന്നു. 1993ൽ വില്യംസ് ലേക്ക് സിറ്റി കൗൺസിലിൽ അംഗമായാണ് അദ്ദേഹം പൊതുപ്രവർത്തനം ആരംഭിച്ചത്. രണ്ട് പതിറ്റാണ്ടിലേറെ കൗൺസിലറായി പ്രവർത്തിച്ചശേഷം 2022ലാണ് ആദ്യമായി മേയറായത്. 21-ാം വയസ്സിൽ ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് കുടിയേറിയ റാത്തോർ 1974ലാണ് വില്യംസ് ലേക്കിൽ താമസം തുടങ്ങിയത്.
Canada elections 2026: 2 Indo-Canadians elected mayors in British Columbia












