
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി പ്രമുഖ ഇറാൻ നയതന്ത്രജ്ഞൻ അബ്ദുൽ മജീദ് ഹക്കീം ഇലാഹി രംഗത്തെത്തി. മുജ്തബ ഖമനയി പൂർണ്ണ ആരോഗ്യവാനാണെന്നും ഇറാന്റെ പ്രസിഡന്റുമായി ഏഴു മണിക്കൂർ നീണ്ട ചർച്ച അടുത്തിടെ അദ്ദേഹം നടത്തിയെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റതിനെത്തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് അദ്ദേഹം മാധ്യമങ്ങൾക്കും പൊതുവേദികൾക്കും മുന്നിൽ വരാത്തതെന്ന് നയതന്ത്രജ്ഞൻ വ്യക്തമാക്കി.
ആറു മാസം മുമ്പ് നടന്ന ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട ശേഷമാണ് മുജ്തബ പുതിയ നേതാവായി ചുമതലയേൽക്കുന്നത്. ജൂലൈയിൽ നടന്ന പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തതായി സ്ഥിരീകരിച്ച അബ്ദുൽ മജീദ്, സുരക്ഷാ കാരണങ്ങളാൽ രഹസ്യകേന്ദ്രത്തിലിരുന്നാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും എന്നാൽ ചില രാത്രികളിൽ അദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാറുണ്ടെന്നും കൂട്ടിച്ചേർത്തു. ദിനംപ്രതിയുള്ള ഔദ്യോഗിക കാര്യങ്ങൾക്ക് പ്രത്യേക സമിതിയുണ്ടെങ്കിലും പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും മുജ്തബ ഖമനയി തന്നെയാണ് കൈക്കൊള്ളുന്നത്.
യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ പ്രധാന നേതാക്കളെല്ലാം ഇല്ലാതായെന്നും ഇപ്പോൾ അവിടെ ഭരണം നടത്തുന്നത് ആരാണെന്ന് വ്യക്തമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ട്രംപിന്റെ ഇത്തരം പ്രസ്താവനകളുടെയും പ്രചരിക്കുന്ന മറ്റ് വ്യാജവാർത്തകളുടെയും പശ്ചാത്തലത്തിലാണ് ഇറാൻ നയതന്ത്രജ്ഞന്റെ ഈ പ്രതികരണം.
Mojtaba Khamenei is Healthy: Iranian Diplomat Abdul Majid Hakeem Elahi Dismisses Rumours










