‘പച്ചക്കള്ളം പറയുന്നത് നിർത്ത്’, അതിരൂക്ഷമായ ഭാഷയിൽ അമേരിക്കൻ ട്രഷറി സെക്രട്ടറിയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ; എണ്ണ നീക്കത്തിൽ തർക്കം അതിരൂക്ഷം

ടെഹ്റാൻ: യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റിനെ രൂക്ഷമായ ഭാഷയിലും കുട്ടിക്കളിയായ പരിഹാസവാക്കുകളാലും വിമർശിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ്. ഹോർമുസ് കടലിടുക്കിലൂടെ അമേരിക്ക ദശലക്ഷക്കണക്കിന് ബാരൽ എണ്ണ പുറത്തേക്ക് കടത്തിയെന്ന അവകാശവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഘാലിബഫ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ പേർഷ്യൻ ഉൾക്കടലിൽ നിന്ന് 130 ദശലക്ഷം ബാരൽ എണ്ണ സുരക്ഷിതമായി പുറത്തെത്തിക്കാൻ യുഎസിന് സാധിച്ചുവെന്നും എന്നാൽ ഇറാന് പൂജ്യം ബാരൽ മാത്രമാണ് മാറ്റാൻ കഴിഞ്ഞതെന്നുമുള്ള ബെസ്സന്റിന്റെ പ്രസ്താവനയ്ക്കാണ് ഘാലിബഫ് വായടപ്പിക്കുന്ന മറുപടി നൽകിയത്.

“നുണയൻ, പച്ചക്കള്ളം പറയരുത്” എന്ന കുട്ടിപ്പാട്ടിന്റെ വരികൾ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി.യുഎസ് എണ്ണ വിപണിയെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഘാലിബഫിന്റെ പ്രതികരണം. യഥാർത്ഥ ‘130’ കണക്കുകൾ എന്താണെന്ന് അറിയാൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയം മൂഡീസ് അനലിറ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം കാരണം അമേരിക്കയ്ക്ക് ഇതുവരെ 130 ശതകോടി ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് മൂഡീസ് വ്യക്തമാക്കുന്നുണ്ടെന്ന് ഘാലിബഫ് ഓർമ്മിപ്പിച്ചു. ഇതിനുപുറമെ, എണ്ണ ഫ്യൂച്ചറുകൾ ഷോർട്ട് സെയിൽ ചെയ്യാൻ ശ്രമിച്ച് ‘ജെയ്ൻ സ്ട്രീറ്റ്’ എന്ന ട്രേഡിംഗ് കമ്പനിക്ക് 130 ദശലക്ഷം ഡോളറിലധികം നഷ്ടമുണ്ടായെന്നും ഘാലിബഫ് അവകാശപ്പെട്ടു. പുതിയ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ ട്രഷറി സെക്രട്ടറിയെ തുടർച്ചയായി പരിഹസിക്കുകയാണ് ഇറാനിയൻ ഭരണകൂടം.

Also Read

More Stories from this section

family-dental
witywide