
കീവ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ഊർജ വെടിനിർത്തൽ’ കരാർ റഷ്യ ഇതിനകം ലംഘിച്ചതായി യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി. വെടിനിർത്തൽ പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച് കീവിന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും, എന്നാൽ റഷ്യയത് പാലിക്കുകയാണെങ്കിൽ തങ്ങളും അതിനോട് സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ ഭാഗത്തുനിന്നും ആക്രമണങ്ങൾ ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഖാർകീവിലെ ഒരു പവർ പ്ലാന്റിന് നേരെ റഷ്യ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും ഇത് യുക്രൈന്റെ ഊർജ സംവിധാനത്തിന് കൂടുതൽ കേടുപാടുകൾ വരുത്തിയെന്നും സെലെൻസ്‌കി വാഴ്സോ സെക്യൂരിറ്റി ഫോറത്തിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കവെ വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിൽ തങ്ങൾ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകളെ ആക്രമിച്ചിട്ടില്ലെങ്കിലും, അർദ്ധരാത്രിയോടെ റഷ്യൻ നിർമ്മിത ഷഹീദ് ഡ്രോണുകൾ ഉപയോഗിച്ച് യുക്രൈനിലെ ഗ്യാസ് ഉൽപ്പാദന കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ്-സെലെൻസ്‌കി പ്രസ്താവനകളെക്കുറിച്ച് പ്രതികരിച്ച ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുന്നുണ്ടെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനില്ലെന്നും അറിയിച്ചു. എന്നാൽ സെലെൻസ്‌കിക്ക് അത്തരമൊരു വെടിനിർത്തൽ അർഹതയില്ലെന്നും, വാഗ്ദാനങ്ങളും ഉറപ്പുകളും നൽകി വീണ്ടും വഞ്ചിക്കപ്പെടാൻ തയ്യാറല്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് വ്യക്തമാക്കി. യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ എന്നിവരുമായി ചർച്ച നടത്തിയതായി സെലെൻസ്‌കി അറിയിച്ചു.













