ഡൊണാൾഡ് ട്രംപിന്റെ ഭാരം എത്രയാണ്? 108 കിലോ ഭാരം; ആരോഗ്യനില മികച്ചതെന്ന് ട്രംപിന്റെ വാർഷിക മെഡിക്കൽ പരിശോധന റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മികച്ച ആരോഗ്യനിലയിലാണ് തുടരുന്നതെന്ന് അദ്ദേഹത്തിന്റെ വാർഷിക മെഡിക്കൽ പരിശോധന റിപ്പോർട്ട്. ട്രംപിന്റെ വ്യക്തിഗത ഡോക്ടറായ ഡോ. ഷോൺ ബാർബബെല്ല പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് പ്രകാരം, 79-കാരനായ ട്രംപിന്റെ ഇപ്പോഴത്തെ ഭാരം 238 പൗണ്ട് (ഏകദേശം 108 കിലോഗ്രാം) ആണ്. 2025 ഏപ്രിലിൽ നടന്ന അവസാന ആരോഗ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഭാരം ഏകദേശം 6 കിലോ വർധിച്ചിട്ടുണ്ട്.

6 അടി 3 ഇഞ്ച് ഉയരമുള്ള ട്രംപിന്റെ ബോഡി മാസ് ഇൻഡക്സ് (BMI) 29.7 ആണ്. BMI 30-ൽ എത്തിയാൽ അമിതവണ്ണ വിഭാഗത്തിൽ (Obese) ഉൾപ്പെടുമെന്നാണ് മെഡിക്കൽ മാനദണ്ഡം. ഭാരം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ ട്രംപിന് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണക്രമത്തിൽ നിയന്ത്രണം, കുറഞ്ഞ ഡോസിലുള്ള ആസ്പിരിൻ ഉപയോഗം, കൂടുതൽ ശാരീരിക പ്രവർത്തനങ്ങൾ, തുടർച്ചയായ ഭാരം കുറയ്ക്കൽ എന്നിവയാണ് ഡോക്ടർമാർ ശുപാർശ ചെയ്തിരിക്കുന്നത്.

“ഹൃദയാരോഗ്യം, ശ്വാസകോശ പ്രവർത്തനം, നാഡീവ്യവസ്ഥ, മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം എന്നിവയിൽ ട്രംപ് മികച്ച നില തുടരുകയാണ്,” ഡോ. ബാർബബെല്ല റിപ്പോർട്ടിൽ രേഖപ്പെടുത്തി. പ്രസിഡന്റിന്റെ എല്ലാ ചുമതലകളും നിർവഹിക്കാനും സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫായി പ്രവർത്തിക്കാനും അദ്ദേഹം പൂർണമായും ആരോഗ്യവാനാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ കൈകളിൽ ചെറിയ തോതിൽ കാണപ്പെട്ട പാടുകൾ, പതിവായി നിരവധി ആളുകളുമായി കൈകൊടുക്കുന്നതിന്റെ ഫലമായുണ്ടായ ചെറിയ ടിഷ്യു പ്രകോപനമാണെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ആസ്പിരിൻ ചികിത്സയുടെ സാധാരണ പാർശ്വഫലമായും ഇത് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ട്രംപിന് “ക്രോണിക് വെനസ് ഇൻസഫിഷ്യൻസി” എന്ന അവസ്ഥ കണ്ടെത്തിയിരുന്നു. മുതിർന്നവരിൽ സാധാരണ കാണപ്പെടുന്ന ഈ അവസ്ഥ കാലുകളിൽ രക്തം കെട്ടിക്കിടക്കാൻ കാരണമാകുന്നു. ഇത്തവണത്തെ പരിശോധനയിൽ കാലുകളിൽ നേരിയ വീക്കം കണ്ടെത്തിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുരോഗതിയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

കൂടാതെ, ഡിമെൻഷ്യയുടെയോ ഓർമ്മശക്തി കുറയുന്നതിന്റെയോ ലക്ഷണങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന മോൺട്രിയൽ കോഗ്നിറ്റീവ് അസസ്മെന്റ് (MoCA) ടെസ്റ്റിലും ട്രംപ് പങ്കെടുത്തു. 30-ൽ 30 മാർക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷവും 2018-ലും ഇതേ സ്കോറാണ് ലഭിച്ചിരുന്നത്. മരുന്നുകളുടെ സഹായത്തോടെ ട്രംപിന്റെ കൊളസ്‌ട്രോൾ നില ഗണ്യമായി മെച്ചപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. 2018-ൽ 223 ആയിരുന്ന മൊത്തം കൊളസ്‌ട്രോൾ നിലവാരം ഇപ്പോൾ 143 ആയി കുറഞ്ഞു. 2025 ഏപ്രിലിൽ ഇത് 140 ആയിരുന്നു.

മോശം കൊളസ്‌ട്രോൾ (LDL) കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ (HDL) വർധിപ്പിക്കാനുമായി ട്രംപ് നിലവിൽ Rosuvastatin ഉപയോഗിക്കുന്നുണ്ട്. LDL നില കൂടുതൽ കുറയ്ക്കാൻ Ezetimibe എന്ന മരുന്നും അദ്ദേഹം കഴിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കടുത്ത ഔദ്യോഗിക പരിപാടികളും ഉയർന്നതല യോഗങ്ങളും പൊതുപരിപാടികളും സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളും ഉൾപ്പെടുന്ന തിരക്കേറിയ ദിനചര്യയ്ക്കിടയിലും ട്രംപ് മികച്ച ആരോഗ്യനില നിലനിർത്തുന്നതായി ഡോക്ടർമാർ വിലയിരുത്തി.

How much does Donald Trump weigh? 108 kg; Trump’s annual medical check-up report says he is in good health