മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; പിഎം ശ്രീ പദ്ധതിയിലും പ്രതികരിച്ച് എൻ. ഷംസുദ്ദീൻ

മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളിൽ ഗണ്യമായ കുറവുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറത്തും പാലക്കാട്ടുമാണ് സീറ്റ് ക്ഷാമം ഏറ്റവും രൂക്ഷമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ അലോട്ട്മെന്റിൽ തന്നെ അധിക ബാച്ചുകൾ ഉൾപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്നും വ്യക്തമാക്കി. സർക്കാരിന് മുന്നിലുള്ള സമയം വളരെ പരിമിതമാണെങ്കിലും ചെറിയൊരു സാവകാശം ലഭിച്ചാൽ പ്രശ്നപരിഹാരത്തിന് മതിയാകുമെന്നാണ് മന്ത്രിയുടെ പ്രതികരണം.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി പരിഹാര മാർഗം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് സ്ഥിരപരിഹാരത്തിനുള്ള മാർഗരേഖ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിദ്യാഭ്യാസ ജില്ലയിലെ എസ്എസ്എൽസി വിജയിച്ച വിദ്യാർത്ഥികൾക്ക് അതേ ജില്ലയിൽ തന്നെ പ്ലസ് വൺ പ്രവേശനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡിഇഒ അടിസ്ഥാനത്തിൽ സീറ്റുകൾ ക്രമീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ കരാറിൽ ഒപ്പുവെച്ചിരുന്നുവെന്നും തുടർന്ന് നടപടി നിർത്തിവെക്കാൻ കത്തയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ കേന്ദ്ര സർക്കാർ ചില ഫണ്ടുകൾ അനുവദിക്കുകയും സംസ്ഥാനം അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി നിയമപരമായി എന്തൊക്കെ സാധ്യമാണെന്ന് പരിശോധിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം വിഷയം ചർച്ച ചെയ്യുമെന്നും, മുൻ സർക്കാർ ഒപ്പുവെച്ച കരാർ പിൻവലിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide