
വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് മലപ്പുറത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി. അബ്ദുൽ ഗഫൂർ എന്നിവരാണ് പുതിയ മന്ത്രിസഭയിലേക്ക് ലീഗിൽ നിന്ന് എത്തുന്നത്. അഞ്ചുപേരിൽ ഒരാൾക്ക് ടേം വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ പാറക്കൽ അബ്ദുള്ള മന്ത്രിസഭയിലേക്ക് വരുമെന്നും ആ സമയത്ത് നിലവിലുള്ള മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന് അപ്പോൾ തീരുമാനിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗ് മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുമെങ്കിലും 2011-ലേതിന് സമാനമായി ഇത്തവണ പാർട്ടിക്ക് കൂടുതൽ ശക്തമായ വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് വിവരം.
നേരത്തെ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. ഗഫൂർ, പാറക്കൽ അബ്ദുള്ള എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നത്. എന്നാൽ പി.കെ. ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാർട്ടിക്കുള്ളിലും സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയർന്നതോടെ ലീഗ് നേതൃത്വം ആദ്യ തീരുമാനം തിരുത്താൻ നിർബന്ധിതരാവുകയായിരുന്നു. കനത്ത സമ്മർദ്ദത്തിനൊടുവിൽ പാറക്കൽ അബ്ദുള്ളയ്ക്ക് പകരം പി.കെ. ബഷീറിനെ ആദ്യ ടേമിൽത്തന്നെ മന്ത്രിയാക്കാൻ ലീഗ് തീരുമാനിക്കുകയായിരുന്നു.
അതേസമയം, വി. അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കുന്നതിനെതിരെയും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നിരുന്നു. എന്നാൽ പാണക്കാട് കുടുംബത്തിന്റെ ഉറച്ച പിന്തുണയാണ് ഗഫൂറിന് തുണയായത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നുണ്ടെങ്കിലും ലീഗിന്റെ പരമ്പരാഗത വകുപ്പുകളെല്ലാം പാർട്ടിക്ക് തന്നെ ലഭിക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
IUML announces cabinet ministers; PK Basheer enters list after intense protests, Abdul Gafoor gets Panakkad backing












