
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ രണ്ട് പുതിയ മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സഖ്യകക്ഷികളായ മുസ്ലീം ലീഗിന്റെ പ്രതിനിധി എ.എം. ഷാജഹാനും, വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) എംഎൽഎ വണ്ണിയരസുമാണ് പുതിയ മന്ത്രിമാരായി സഭയിലേക്ക് എത്തുന്നത്. നാളെ രാവിലെ 9:30-ന് ലോക്ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ രണ്ട് മന്ത്രിമാർ കൂടി എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 35 ആയി ഉയരും.
നേരത്തെ മുസ്ലീം ലീഗ് നേതാക്കൾ ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട് മന്ത്രിസഭയുടെ ഭാഗമാകാനുള്ള പാർട്ടിയുടെ ഔദ്യോഗിക തീരുമാനം ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ രേഖമൂലം അറിയിച്ചു. പുതിയ സർക്കാരിൽ ചേരാനുള്ള ലീഗിന്റെ തീരുമാനത്തിന് മുഖ്യമന്ത്രി വിജയ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിസികെ നേതാവിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ മന്ത്രിമാരുടെ പ്രഖ്യാപനം പുറത്തുവന്നത്.
തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാരിൽ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ്‌യുടെ ഈ നീക്കം. തിരഞ്ഞെടുപ്പ് സഖ്യത്തിലെ പ്രധാന കക്ഷികളായ വിസികെയ്ക്കും മുസ്ലീം ലീഗിനും ഭരണത്തിൽ പ്രാതിനിധ്യം നൽകിയതിലൂടെ സഖ്യകക്ഷികളെ ഒപ്പം നിർത്താൻ വിജയ്‌ക്ക് സാധിച്ചിട്ടുണ്ട്. വന്ദേമാതരം വിവാദങ്ങൾക്കിടയിലും മുന്നണിയിലെ ഐക്യം ദൃഢമാക്കുന്നതാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്.
Two New Ministers to Take Oath in Tamil Nadu; Muslim League and VCK to Join Vijay Cabinet











